വിയ്യൂർ: നടിയെ ആക്രമിച്ച കേസിൽ ജയിൽ മാറ്റത്തിന് അപേക്ഷിച്ച പൾസർ സുനി ആഗ്രഹിച്ചത് തന്നെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുമെന്നാണ്. എന്നാൽ സ്ഥലപരിമിതി മൂലം സുനിയെ ജില്ലാ ജയിലിലേക്കാണ് മാറ്റിയത്. സുനിക്ക് വേണ്ടപ്പെട്ട പലരും സെൻട്രൽ ജയിലിലുണ്ടെന്നതിനാലാണ് സുനി സെൻട്രൽ ജയിലിൽ അഡ്മിഷൻ ആഗ്രഹിച്ചത്. അതുകൊണ്ടുതന്നെ പരിചയക്കാരാരും ഇല്ലാത്ത ജില്ലാ ജയിലിൽ അലോട്ട്മെന്റ് കിട്ടിയതിനാലാണ് ഇപ്പോൾ വീണ്ടും സുനി ജയിൽ മാറ്റത്തിന് അപേക്ഷ നൽകിയിരിക്കുന്നതെന്നാണ് സൂചന.
വേണ്ടത്ര ചികിത്സ കിട്ടുന്നില്ലെന്നും മറ്റും സുനി കഴിഞ്ഞ ദിവസം എറണാകുളത്ത് കോടതിയിൽ ഹാജരാക്കിയപ്പോൾ പരാതിപ്പെട്ടിരുന്നു. സുനിയെ ജില്ലാ ജയിലിൽ പരിശോധിച്ച ഡോക്ടർ സുനിക്ക് കാര്യമായ കുഴപ്പങ്ങളൊന്നുമില്ലെന്നാണ് റിപ്പോർട്ട് ചെയ്തത്. ഇനി വിദഗ്ധ ചികിത്സ ആവശ്യമാണെങ്കിൽ തിങ്കളാഴ്ച തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിശോധനക്ക് കൊണ്ടുപോകാമെന്നും നിർദ്ദേശിച്ചിരുന്നു.
ജില്ലാ ജയിലിൽ സുനി ശാന്തനാണെന്നും കുഴപ്പങ്ങളുണ്ടാക്കുന്നില്ലെന്നും ഭക്ഷണമൊക്കെ കഴിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. സുനിയുടെ റിമാൻഡ് 22 വരെ നീട്ടിയിട്ടുണ്ട്. വിയ്യൂർ ജയിലിൽ നിന്നും തന്നെ കാക്കനാട് ജയിലിലേക്ക് മാറ്റണമെന്ന അപേക്ഷയും ജാമ്യാപേക്ഷയും എറണാകുളം കോടതി 14ന് പരിഗണിക്കും.