തെന്നിന്ത്യൻ സിനിമാപ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പ്രണയജോഡികളാണ് സാമന്തയും നാഗചൈതന്യയും. ഒക്ടോബറിലാണ് ഇവരുടെ വിവാഹം.വളരെ രഹസ്യമായി കൊണ്ടുനടന്നിരുന്ന പ്രണയം വീട്ടിൽ അവതരിപ്പിക്കാൻ ഇടവന്ന സാഹചര്യത്തെക്കുറിച്ച് നാഗചൈതന്യ തുറന്നു പറഞ്ഞിരിക്കുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയിലാണ് നാഗ് ആ രഹസ്യം വെളിപ്പെടുത്തിയത്. യെ മായ ചേസാവെ എന്ന ചിത്രത്തിലാണ് സാമന്തയും നാഗചൈതന്യയും ആദ്യമായി ഒരുമിക്കുന്നത്.
2009 ലായിരുന്നു ഈ ചിത്രം പുറത്തിറങ്ങിയത്. ഈ ചിത്രത്തിൽ അഭിനയിച്ചതോടെ ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറി. പിന്നീട് ആ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. സാമന്തയുമായുള്ള പ്രണയം വീട്ടുകാരെപ്പോലും അറിയിക്കാതെ രഹസ്യമായി കൊണ്ടുനടക്കുകയായിരുന്നു നാഗചൈതന്യ. വീട്ടുകാരോട് തുറന്നു പറയണമെന്ന് ഇടയ്ക്കിടയ്ക്ക് സാമന്ത നിർബന്ധിച്ചിരുന്നു.
വീട്ടുകാരോട് പ്രണയത്തെക്കുറിച്ച് തുറന്നു പറയാൻ പലതവണ ആവശ്യപ്പെട്ടിട്ടും നാഗചൈതന്യ വഴങ്ങാതിരുന്നതോടെ സാമന്ത അടുത്ത നന്പർ ഇറക്കി. അത് കൃത്യമായി ഏൽക്കുകയും ചെയ്തു. പ്രണയം വീട്ടിൽ തുറന്നു പറഞ്ഞില്ലെങ്കിൽ രാഖി കെട്ടി സഹോദരനാക്കുമെന്നാണ് സാമന്ത ഭീഷണിപ്പെടുത്തിയത്. ചാറ്റിങ്ങിനിടയിലായിരുന്നു സാമന്തയുടെ ഈ ഭീഷണി. അതെന്തായാലും ഏറ്റു. ഇതോടെയാണ് നാഗചൈതന്യ പ്രണയത്തെക്കുറിച്ച് വീട്ടുകാരോട് വെളിപ്പെടുത്തിയത്. പിന്നീട് വീട്ടുകാർ ഇവരുടെ വിവാഹം നടത്താൻ തീരുമാനിക്കുകയും ചെയ്തു.