പേരാമ്പ്ര: പഞ്ചായത്ത് സെക്രട്ടറിയായി വിരമിച്ച മടുക്കാവുങ്കൽ അശോകൻ സമ്മിശ്രകൃഷിയിൽ മാതൃകയാകുന്നു. കഴിഞ്ഞ കർഷക ദിനത്തിൽ മികച്ച നാളികേര കർഷകനായി ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് ആദരിച്ചത് നാട്ടുകാർ സണ്ണി സാറെന്നു വിളിക്കുന്ന ഇദ്ദേഹത്തെയാണ്.
സണ്ണിസാറിന്റെ രണ്ടേമുക്കാൽ ഏക്കർ കൃഷിയിടം സമ്മിശ്ര കൃഷിയുടെ പൂങ്കാവനമാണ്. ഇവിടുത്തെ ഒന്നര ഏക്കറോളം വരുന്ന പാറയുള്ള ഭാഗം ഉപേക്ഷിച്ചിട്ടിരിക്കുകയായിരുന്നു. ഇത് മുഴുവനും മണ്ണടിച്ചു നികത്തി കൃഷിയോഗ്യമാക്കുന്ന വെല്ലുവിളി ഇദ്ദേഹം ഏറ്റെടുത്തു. ഇന്നിത് നിറയെ കായ്ഫലമുള്ള നൂറോളം തെങ്ങുകളുടെ തോപ്പാണ്.
തിക്കോടി സർക്കാർ ഫാമിൽ നിന്നുള്ള അത്യുത്പാ ദനശേഷിയുള്ള തൈകളാണു നട്ടത്. കൃഷിയിടത്തിൽ 14 സെന്റു വരുന്ന ജലസമൃദ്ധമായ കുളമുണ്ട്. ഇത് ചുറ്റും കരിങ്കല്ലിട്ടു കെട്ടി സംരക്ഷിച്ചിരിക്കുന്നു.ഇതിന്റെ കര ഭാഗത്തു തെങ്ങുകളും റോബസ്റ്റ കാപ്പിയും വിളഞ്ഞു നിൽക്കുന്നു. കുളത്തിൽ മത്സ്യം വളർത്തൽ കാര്യക്ഷമമായി നടത്തുന്നു. രോഹു, കാർപ്പ്, കട്ല എന്നിവയാണു മുഖ്യമായുള്ളത്. കൃഷി നനയ്ക്കാനുള്ള വെള്ളവും ഈ കുളത്തിൽ നിന്നാണ്.
തെങ്ങിനോടൊപ്പം കമുക്, ജാതി, കുരുമുളക്, റബ്ബർ, വാഴ കൃഷിയുമുണ്ട്. എല്ലാ ഇനം ഇടവിള കൃഷികളും ഇവിടെയുണ്ട്. പച്ചക്കറി, പഴവർഗങ്ങൾ, അലങ്കാരച്ചെടി വളർത്തൽ എന്നിവയെല്ലാം ഭാര്യയും റിട്ട. അധ്യാപകയുമായ മേരി ടീച്ചറിന്റെ ശ്രദ്ധയിലാണു നടക്കുന്നത്. തികച്ചും ജൈവ രീതി അവലംബിച്ചാണു കൃഷി നടത്തുന്നതെന്നു നാല് കൊല്ലമായി തൊഴിലുറപ്പ് പദ്ധതി തൊഴിലാളി കൂടിയായ സണ്ണി സാർ പറഞ്ഞു.
ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിൽ നിന്നു 2008 ലാണ് സണ്ണിസാർ വിരമിച്ചത്. കൃഷിയിൽ നിന്നുള്ള വരുമാനം അതിൽ തന്നെ മുടക്കുകയാണ്. രണ്ടു പേർക്കും പെൻഷൻ ലഭിക്കുന്നതിനാൽ ജീവിതച്ചെലവിനു ബുദ്ധിമുട്ടേണ്ടി വരുന്നില്ലെന്ന് ഇദ്ദേഹം പറയുന്നു.