കഴിഞ്ഞ ഇരുപത് വർഷങ്ങളായി തന്റെ പിതാവ് ഒരു വസ്ത്രം മാത്രം ധരിക്കുന്നതിന്റെ കാരണം അന്വേഷിക്കുകയായിരുന്നു 24കാരിയായ റിയ. ഒടുവിൽ സത്യമറിഞ്ഞപ്പോൾ ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത മകളാണ് താനെന്ന് അവൾ മനസിലാക്കി. ട്വിറ്ററിലൂടെയാണ് റിയ വർഷങ്ങളായി തന്റെ പിതാവ് ഒരേ വസ്ത്രം ധരിക്കുന്ന കഥ ലോകത്തോട് മുഴുവൻ വിളിച്ചു പറഞ്ഞത്.
റിയ തന്റെ മുത്തച്ഛന്റെ മരണശേഷം ആ വീടു സന്ദർശിച്ചപ്പോഴാണ് അച്ഛന്റെയും അമ്മയുടെയും ഹണിമൂണ്‍ ദിനങ്ങളിലെ ചിത്രങ്ങൾ കാണുന്നത്. അമ്മയൊടൊപ്പം അദ്ദേഹം ഇരിക്കുന്ന ചിത്രത്തിൽ കാണുന്ന അതേ ടി ഷർട്ടാണല്ലോ അദ്ദേഹം ഇപ്പോഴും ധരിച്ചിരിക്കുന്നത് എന്ന് അപ്പോഴാണ് റിയക്ക് മനസിലായത്.
റിയയുടെ അമ്മ പതിനെട്ട് വർഷങ്ങൾക്ക് മുന്‍പാണ് മരിച്ചത്. അവരുടെ ഓർമയ്ക്കായി വർഷങ്ങൾക്കിപ്പുറവും നിധിപോലെ അദ്ദേഹം ടീ ഷർട്ട് സൂക്ഷിക്കുകയാണ്. കുറിപ്പിനൊപ്പം അച്ഛന്റെയും അമ്മയുടെയും പഴയ രണ്ട് ചിത്രങ്ങളും അച്ഛന്റെ ഒരു പുതിയ ചിത്രവും റിയ ട്വിറ്ററിൽ പങ്കുവച്ചു.
“തന്റെ അറുപതാമത്തെ വയസിലും അദ്ദേഹം സ്ഥിരമായി ആ ടീഷർട്ട് ധരിക്കുന്നു. ഈ ഷർട്ടിന് അദ്ദേഹം നൽകുന്ന വില വളരെ വലിയതാണ്. എന്തെങ്കിലും വിശേഷ ദിനങ്ങളിൽ മാത്രമാണ് അദ്ദേഹം ഈ വസ്ത്രം ധരിക്കുന്നത്. എന്തുകൊണ്ടാണ് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാൻ അദ്ദേഹം തയാറാകാതിരുന്നതെന്നും എനിക്ക് ഇപ്പോൾ മനസിലാകുന്നു…’ റിയ ട്വിറ്ററിൽ കുറിച്ചു.