കോട്ടയം: രണ്ട് എൻജിനിയറിംഗ് വിദ്യാർഥികളുടെ മരണത്തിൽ കലാശിച്ച അപകടത്തിൽപ്പെട്ടത് അടൂരിൽനിന്നുള്ള അഡോണ ട്രാവൽസ് എന്ന ടൂറിസ്റ്റ് ബസ്. റോഡിൽനിന്നു തെന്നിമാറിയ ബസ് മൂന്നു തവണ മറിഞ്ഞു കുഴിയിൽ പതിച്ചു. മഴയും മൂടൽ മഞ്ഞുമുണ്ടായിരുന്നു. ബസ് മറിഞ്ഞുമറിഞ്ഞു വീഴുന്നതേ ഓർമയുള്ളൂ. ഒന്നിലേറെ തവണ തകിടംമറിഞ്ഞതോടെ ബസിൽ കൂട്ടനിലവിളിയായി. പലരും സീറ്റിൽനിന്നു തെറിച്ചുവീണു.
പാട്ടും സംസാരവുമായി ബസിലിരുന്ന വിദ്യാർഥികൾ ബസിനുള്ളിൽ ഉരുണ്ടു മറിഞ്ഞു -ചിക്മംഗളൂർ അപകടത്തിൽ രക്ഷപ്പെട്ട വിദ്യാർഥികൾ ഓർമിക്കുന്നു. വീഴ്ചയുടെ ആഘാതത്തിൽ മെറിനും ഐറിനും തെറിച്ചു ബസിനടിയിൽപ്പെട്ടു.
പഠനഭാഗമായി കർണാടകത്തിലെ വിവിധ ഐടി, വ്യവസായകേന്ദ്രങ്ങൾ സന്ദർശിക്കാനാണ് 74 അംഗവിദ്യാർഥി സംഘം അധ്യാപകർക്കും രക്ഷാകർതൃ പ്രതിനിധികൾക്കുമൊപ്പം രണ്ടു ബസുകളിൽ പുറപ്പെട്ടത്. അമൽജ്യോതി കോളജിൽനിന്നു വിവിധ സംഘങ്ങൾ പഠനയാത്ര പോയതിനാൽ ഏതു വാഹനമാണ് അപകടത്തിൽപ്പെട്ടതെന്ന് അറിയാൻ കോളജ് അധികൃതർ ആദ്യം ബുദ്ധിമുട്ടിയിരുന്നു. കോളജിൽനിന്നുപോയ ഒരു ബസ് അപകടത്തിൽപ്പെട്ടു എന്നു മാത്രമാണ് ആദ്യം വിവരം ലഭിച്ചത്. അപകടസ്ഥലത്തു ഫോണുകൾക്ക് കവേറജ് ഇല്ലാതിരുന്നതും വിവരങ്ങൾ അറിയാൻ തടസമായി. അപകടത്തിൽപ്പെട്ട ബസ് മലക്കം മറിഞ്ഞപ്പോൾ വാതിൽക്കണ്ണാടി പൊട്ടിയാണു വിദ്യാർഥിനികൾ പുറത്തു വീണത്. വിദ്യാർഥികൾക്കൊപ്പമുണ്ടായിരുന്ന രക്ഷാകർതൃ പ്രതിനിധി ഇടക്കുന്നം മഠത്തിൽ നാസറിന്റെ ഭാര്യ ഷാഹിനയ്ക്കും പരിക്കേറ്റു.