കൊച്ചി: ദിലീപിനെ പുറത്തെത്തിക്കാന്‍ ഊര്‍ജിതമായ ശ്രമം നടക്കുന്നുണ്ടെന്ന് വ്യക്തമായ സൂചന ലഭിച്ചെന്ന് പോലീസ്. പത്തനാപുരം എംഎല്‍എ ഗണേഷ് കുമാറിന്റെ സന്ദര്‍ശനം ഇതിന്റെ മുന്നോടിയായാണെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. സോഷ്യല്‍ മീഡിയയെ കൂട്ടുപിടിച്ചു നടത്തുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരേ കരുതലോടെ നീങ്ങാനാണ് പോലീസിന്റെ നീക്കം. വിഷയത്തില്‍ പരസ്യ പ്രതികരണം നടത്തരുതെന്നാണ് മുകേഷിന് സിപിഎമ്മിന്റെ കര്‍ശന നിര്‍ദേശം. സൗഹൃദത്തിന്റെ പുറത്ത് ജയിലിലെത്തി നടനെ കാണരുതെന്നാണ് നിര്‍ദ്ദേശം.
ദിലീപിന് അനുകൂല തരംഗമുണ്ടാക്കാന്‍ ശ്രമിക്കുന്നവരില്‍ മുകേഷും ഉണ്ടെന്നാണ് പൊലീസ് വിലയിരുത്തുന്നത്. അമ്മയുടെ യോഗത്തിന് ശേഷം ദിലീപിനെ പരസ്യമായി പിന്തുണച്ച് മാധ്യമങ്ങളോട് തട്ടികയറിയത് മുകേഷും ഗണേശുമായിരുന്നു. അമ്മയുടെ പ്രസിഡന്റായ ഇന്നസെന്റിനോടും വിവാദങ്ങളില്‍ ചാടരുതെന്ന് സിപിഎം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്നസെന്റ് ജയിലിലെത്താഞ്ഞതിന്റെ കാരണവും ഇതുതന്നെ. സോഷ്യല്‍ മീഡിയയില്‍ ദിലീപ് അനുകൂല പ്രചരണം നടത്തുന്നവര്‍ പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. ജയിലില്‍ ദിലീപിനെ കാണാനെത്തിയവരുടെ പൂര്‍ണവിവരങ്ങള്‍ സ്‌പെഷല്‍ ബ്രാഞ്ച് ശേഖരിച്ചു. ഇവരെയും നിരീക്ഷിക്കാനാണ് തീരുമാനം.
മുകേഷ് സിപിഎമ്മിന്റെ എംഎല്‍എയാണ്. ഇന്നസെന്റ് ഇടത് പിന്തുണയുള്ള എംപിയും. ഗണേശും പത്താനാപുരത്ത് ജയിച്ചത് ഇടതു പക്ഷത്തിന്റെ ബാനറിലാണ്. എന്നാല്‍ സിപിഎമ്മിന് ഗണേശിനെ നിയന്ത്രിക്കാനാകുന്നില്ല. ഈ സാഹചര്യത്തിലാണ് മുകേഷിനും ഇന്നസെന്റിനും ദിലീപ് വിഷയത്തില്‍ ഇടപെടല്‍ വേണ്ടെന്ന നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ ഇരുവരും ഇപ്പോഴും രഹസ്യമായി ദിലീപിന് വേണ്ടി ചരട് വലികള്‍ നടത്തുന്നുണ്ടെന്ന് തന്നെയാണ് സി.പി.എം സംസ്ഥാന നേതൃത്വത്തിന്റേയും വിലയിരുത്തല്‍. ദിലീപിന് അനുകൂലമായ പ്രചരണങ്ങള്‍ കൂടുന്നതു ചൂണ്ടിക്കാട്ടിയാണ് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഗണേശിനെതിരേയുള്ള റിപ്പോര്‍ട്ടും ഇതിന്റെ ഭാഗം തന്നെ.ഗണേശിന്റെ പ്രസ്താവന കേസിനെ ബാധിക്കുമെന്നാണ് അങ്കമാലി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പൊലീസ് ചൂണ്ടിക്കാട്ടുന്നത്. ഗണേശിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് സിനിമാക്കാര്‍ ജയിലിലേക്ക് ഒഴുകി തുടങ്ങിയത്. ഇത് സംഭവം ഗൗരവകരമാക്കുന്നു.
കേസിലെ ഒട്ടുമിക്ക സാക്ഷികളും സിനിമാക്കാരാണ്. അതിനിടെ എംഎല്‍എ. മുകേഷിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി പൊലീസിന് ലഭിച്ചു. കെഎസ്‌യു. മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.വൈ. ഷാജഹാനാണ് പരാതി നല്‍കിയത്. മുകേഷിനെതിരായ അന്വേഷണത്തിന്റെ വിവരങ്ങള്‍ ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം ഷാജഹാന്‍ അപേക്ഷ നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനാല്‍ ഈ വിവരങ്ങള്‍ നല്‍കാനാകില്ലെന്ന മറുപടി ലഭിച്ചു. ഈ വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നും ഷാജഹാന്‍ ആവശ്യപ്പെട്ടു. ദിലീപിനു പ്രതികൂലമായ മൊഴികള്‍ നല്‍കുന്ന സാക്ഷികളെ സ്വാധീനിക്കാന്‍ സംഘടിത ശ്രമം നടക്കുന്നതായി അന്വേഷണ സംഘം കോടതിയെ അറിയിച്ചത്.
നടിയെ ഉപദ്രവിച്ച കേസില്‍ മുഖ്യസാക്ഷികളെല്ലാം സിനിമാരംഗത്തുള്ളവരാണ്. പൊലീസിനെ ഭയന്ന് ആരും ദിലീപിനെ പിന്തുണയ്ക്കാതിരിക്കരുതെന്നു ഗണേശ്കുമാര്‍ പറയുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതമാണ് പൊലീസിന്റെ റിപ്പോര്‍ട്ട്. സാക്ഷികളെ സ്വാധീനിക്കാന്‍ നടക്കുന്ന ആസൂത്രിതമായ ഇത്തരം നീക്കങ്ങള്‍ തടയാന്‍ കോടതി ഇടപെടണമെന്നും പൊലീസ് ആവശ്യപ്പെട്ടു. ഇതിനിടെ, നടനും സംവിധായകനുമായ ശ്രീനിവാസന്‍ നടത്തിയ പ്രസ്താവനയും ചര്‍ച്ചയായി. ദിലീപ് കുറ്റക്കാരനാണെന്നു വിശ്വസിക്കുന്നില്ല,
ഇത്തരം ഒരു മണ്ടത്തരം ദിലീപ് ചെയ്യുമെന്നു കരുതുന്നില്ല. കോടതിയില്‍ കുറ്റക്കാരനെന്നു തെളിയും വരെ ദിലീപിനെ അങ്ങനെ കാണുന്നില്ല. കാലം ദിലീപിന്റെ നിരപരാധിത്വം തെളിയിക്കും എന്നൊക്കെയാണ് ശ്രീനിവാസന്‍ പ്രതികരിച്ചത്. ഇതും പൊലീസിനെ ഞെട്ടിച്ചിട്ടുണ്ട്. പൊതു സമൂഹത്തില്‍ കരുതലോടെ സംസാരിക്കുന്ന ശ്രീനിവാസന്റെ പ്രതികരണത്തിന് പിന്നിലെ സ്വാധീന ശക്തിയെ കണ്ടെത്താനും ശ്രമിക്കും. പ്രസ്താവനയ്ക്കു പിന്നാലെ ശ്രീനിവാസന്റെ വീടിനു നേരെ കരിഓയില്‍ ആക്രമണവുമുണ്ടായി.