ന്യൂഡൽഹി: ചരക്കുസേവനനികുതി(ജിഎസ്ടി)യുടെ ആദ്യമാസമായ ജൂലൈയിൽ നികുതിപിരിവ് ഉദ്ദേശിച്ചതിലും മെച്ചമായി. പക്ഷേ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) അടക്കം തിരിച്ചുകൊടുക്കേണ്ട തുകയും പ്രതീക്ഷയിലേറെയായി.
95,000 കോടി രൂപയ്ക്കടുത്താണ് ജൂലൈയിലെ വ്യാപാരത്തിന്റെ വകയായി ലഭിച്ച ജിഎസ്ടി. ഇതിൽ ഐടിസിയായി 60,000 കോടിയോളം രൂപ റീഫണ്ട് ആവശ്യപ്പെട്ടിരിക്കുന്നു. ജൂലൈ ഒന്നിനു മുന്പുള്ള കാലത്ത് നല്കിയ നികുതിയുടെ പേരിലുള്ളതാണ് ഐടിസി. മൂന്നു മാസത്തേക്ക് ഇങ്ങനെ മുൻകാല എക്സൈസ് ഡ്യൂട്ടിക്ക് ഐടിസി അനുവദിക്കുന്നുണ്ട്. ഇപ്പോൾ ഐടിസി ആവശ്യപ്പെട്ടിരിക്കുന്നതു മുഴുവൻ അനുവദനീയമാണെന്നു ഗവൺമെന്റ് കരുതുന്നില്ല. വിശദമായി പഠിക്കുമെന്നു കേന്ദ്ര റവന്യൂ സെക്രട്ടറി ഹസ്മുഖ് അധ്യ പറഞ്ഞു.
എക്സൈസ് ഡ്യൂട്ടി അടച്ചതിന്റെ ഇൻവോയ്സ് അപ്ലോഡ് ചെയ്താൽ നൂറു ശതമാനം ഐടിസി കിട്ടും. ഇൻവോയ്സ് ഇല്ലാത്തവയ്ക്ക് 18 ശതമാനമോ അതിൽ കൂടുതലോ ആണ് നികുതിയെങ്കിൽ 60 ശതമാനം ഐടിസി ലഭിക്കും. ഷാസി നന്പർ സഹിതം ഉള്ള ഉയർന്ന വിലയുള്ള സാധനങ്ങൾക്കും 100 ശതമാനം ഐടിസി നല്കും.
ഇതിനിടെ, മിക്ക സംസ്ഥാനങ്ങളും തങ്ങൾക്ക് ജിഎസ്ടി വിഹിതം പ്രതീക്ഷയിലും കുറവായെന്ന പരാതിക്കാരാണ്. പഞ്ചാബിന് ജൂലൈയിൽ 1,650 കോടി രൂപ പ്രതീക്ഷയുണ്ടായിരുന്ന സ്ഥാനത്തു ലഭിച്ചത് 846 കോടി മാത്രം. കർണാടകത്തിന് പ്രതീക്ഷയിലും 600 കോടി രൂപ കുറവാണു ലഭിച്ചത്. കേരളത്തിന് വാറ്റ് 1,200 കോടി രൂപ ലഭിച്ചിരുന്ന സ്ഥാനത്ത് ജൂലൈയിൽ ലഭിച്ചത് 1,171 കോടി രൂപ മാത്രം.