ഓസ്ട്രേലിയന്‍ പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കുന്നതിനിടെ ചരിത്രം സൃഷ്ടിച്ച് മുലയൂട്ടിയ സെനറ്റര്‍ ലാരിസ്സ വാട്ടേഴ്സിന് പിന്നാലെ നിയമസഭയിലും പാര്‍ലമെന്റിലും മുലയൂട്ടല്‍ മുറി വേണമെന്ന് ആസാമില്‍ നിന്നുള്ള വനിതാ എംഎല്‍എ അംഗൂര്ലത ദേക്ക. അസംബ്ലി കെട്ടിടത്തോട് ചേര്‍ന്ന് വനിതാ എംഎല്‍എമാര്‍ക്ക് കുഞ്ഞുങ്ങളെ മുലയുട്ടാന്‍ ചെറിയ മുറി വേണമെന്നാണ് ബിജെപിഎംഎല്‍എയുടെ ആവശ്യം.
മുലയൂട്ടല്‍ മുറി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്ററികാര്യ മന്ത്രി ചന്ദ്ര മോഹന്‍ പാടോവരിയ്ക്ക് ദേക്ക അപേക്ഷയും നല്കി. സ്പീക്കറോടും ആവശ്യം ഉന്നയിക്കുമെന്ന് അവര്‍ പറഞ്ഞു.”കുഞ്ഞുങ്ങള്‍ക്ക് പാര്‍ലമെന്റില്‍ മുലയൂട്ടാന്‍ ഓസ്ട്രേലിയയിലേതിന് സമാനമായ നിയമം വേണമെന്നല്ല ഞാന്‍ ആവശ്യപ്പെടുന്നത്. ടാന്‍സാനിയന്‍ പാര്‍ലമെന്റിനു സമാനമായി മുലയൂട്ടുന്ന സ്ത്രീകള്‍ക്കായി പ്രത്യേക മുറി സജ്ജീകരിക്കണമെന്നാണ് ഞാന്‍ പറയുന്നത്”. അംഗൂര്ലതദേക്ക പറയുന്നു.
ആഗസ്ത് 3നാണ് 31 കാരിയായ ദേക്ക പെണ്‍കുഞ്ഞിനു ജന്മം നല്കിയ ഒരു മാസം പ്രായമായ കുഞ്ഞിനെ നേക്കുന്നതും സഭാസമ്മേളനത്തില്‍ പങ്കെടുക്കുന്നതും ഒരുമിച്ച് കൊണ്ടു പോകുന്നത് ബുദ്ധിമുട്ടാണ്. ഇതിന് പരിഹാരമായി സ്ത്രീകള്‍ക്കായി പ്രത്യേക മുലയൂട്ടല്‍ മുറി നിയമസഭയിലും പാര്‍ലമെന്റിലും ഉണ്ടാകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിയമപരമായി സ്ത്രീകള്‍ക്ക് ആറുമാസം പ്രസവാവധി ലഭിക്കുമെങ്കിലും എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും ഇത് ബാധകമല്ല. പൊതുപ്രവര്‍ത്തന രംഗത്ത് ആറുമാസത്തോളം വിട്ടു നില്ക്കാന് കഴിയില്ലെന്നും ദേക സണ്ടേ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. അംഗൂര്ലത ദേക്കയുടെ ആവശ്യം അംഗീകരിച്ചാല്‍ ചരിത്രപരമായൊരു തീരുമാനം ആകുമത് എന്നു സംശയമില്ല.