നടന്‍ ശ്രീനിവാസന്റെ വീട്ടില്‍ കരിഓയില്‍ ഒഴിച്ചതിനെതിരെ പ്രതിഷേധവുമായി നടനും ഇടതുപക്ഷ എംഎല്‍എയുമായ മുകേഷ് രംഗത്ത്. ഒരു കലാകാരനോടും ഇങ്ങനെ ചെയ്യരുതെന്നും കലാകാരന്‍ സമൂഹത്തിന് വേണ്ടി ജീവിക്കുന്നവനാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മികച്ച റോളുകള്‍ ലഭിക്കുമെന്ന് പറഞ്ഞ് നിരവധി ക്രീമുകള്‍ വെളുക്കാനായി ഉപയോഗിച്ച ആളാണ് ശ്രീനിവാസന്‍.
അദ്ദേഹത്തിന്റെ കലാജീവിതത്തെ കരി ഓയില്‍ ഒഴിച്ച് വികൃതമാക്കരുതെന്നും മുകേഷ് പറഞ്ഞു. ചലച്ചിത്ര പുരസ്‌കാര വേദിയില്‍ ആദരിക്കപ്പെടേണ്ടവരുടെ പട്ടികയില്‍ ശ്രീനിവാസന്റെ പേര് ഉണ്ടായിരുന്നെങ്കിലും ഇന്നലെ ചടങ്ങില്‍ നിന്നും അദ്ദേഹം വിട്ടുനില്‍ക്കുകയായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ അനൂകൂലിച്ച് ശ്രീനിവാസന്‍ നടത്തിയ പ്രസ്താവനകളാണ് കരി ഓയില്‍ പ്രയോഗത്തിലേയ്ക്ക് നയിച്ചത്. ദിലീപ് അങ്ങനെയൊരു മണ്ടത്തരം കാണിക്കുമെന്ന് കരുതുന്നില്ലെന്നും ദിലീപിന്റെ നിരപരാധിത്വം കാലം തെളിയിക്കുമെന്നുമാണ് ശ്രീനിവാസന്‍ പറഞ്ഞത്.