ഇടതു സഹയാത്രികനാണ് സെബാസ്റ്റ്യന്‍ പോള്‍. പല വിഷയങ്ങളിലും വ്യത്യസ്തനായി പ്രതികരിക്കുന്നയാള്‍. മുമ്പ് എംപിയായിരുന്നപ്പോഴും മാധ്യമപ്രവര്‍ത്തകന്റെ റോളിലും തന്റെ ആശയങ്ങളില്‍ വെള്ളംചേര്ക്കാത്തയാള്. അബ്ദുള്‍നാസര്‍ മദനി വിഷയത്തിലും ജിഷ വധക്കേസിലും അതു മലയാളികള്‍ കണ്ടു. ഇപ്പോഴിതാ കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് പൂര്‍ണപിന്തുണയുമായി അദേഹം വീണ്ടും രംഗത്തെത്തിയിരിക്കുന്നു. മുമ്പ് പലകേസുകളിലും സെബാസ്റ്റിയന് പോളിനെ പിന്തുണച്ചവര്‍ ഇപ്പോള്‍ അദേഹത്തിനെതിരേ നിലപാടെടുത്തിട്ടുണ്ട്. ആഷിഖ് അബു പോലുള്ളവര്‍ ഉദാഹരണം. കഴിഞ്ഞദിവസം അദേഹം പത്രാധിപരായ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അദേഹം എഴുതിയ ലേഖനത്തിന്റെ പ്രസക്തഭാഗങ്ങള്‍ ഞങ്ങള്‍ പുനപ്രസിദ്ധീകരിക്കുന്നു.
തടവറയ്ക്ക് താഴിട്ടാല്‍ തടവുകാരനെ മറക്കുകയെന്നതാണ് സാമാന്യരീതി. ഇന്ത്യന്‍ ജയിലുകളില്‍ വിചാരണയില്ലാതെ കഴിയുന്ന ഹതഭാഗ്യരുടെ എണ്ണം പറഞ്ഞാല്‍ സ്വതന്ത്ര പരമാധികാര റിപ്പബഌക് തല താഴ്ത്തും. ദാരിദ്ര്യംകൊണ്ടുമാത്രം ജയിലില്‍ കഴിയുന്ന ചിലരെ പണം നല്കി വിമോചിതരാക്കിയ കാര്യം ജയിലില്‍നിന്നിറങ്ങിയ മംഗളം ടെലിവിഷന്‍ സിഇഒ അജിത്കുമാര്‍ എന്നോട് പറഞ്ഞു. മഅദനിയും അത്തരം കഥകള്‍ പറഞ്ഞിട്ടുണ്ട്. ദിലീപിനും അത്തരം കഥകള്‍ പറയാനുണ്ടാകും. പാരപ്പന അഗ്രഹാര ജയിലില്‍ മഅദനിക്കൊപ്പം കഴിയുന്ന പരപ്പനങ്ങാടിയിലെ സക്കറിയ എന്ന ചെറുപ്പക്കാരന്റെ കഥ സമൂഹത്തെ അറിയിച്ചത് ഞാനാണ്. തടവുകാരോടുള്ള സഹാനുഭൂതി വിശുദ്ധമായ മനോഗുണപ്രവൃത്തിയാണ്. ജീവപര;ന്തം തടവ് അനുഭവിച്ചതിനുശേഷവും മോചിതനാകാതെ അതേ ജയിലില്‍ കഴിയുന്ന കോട്ടയം സ്വദേശി പ്രസാദ് ബാബുവിനെയും ഞാന്‍ കണ്ടു. അയാളുടെ കാര്യം ഞാന്‍ രാഷ്ട്രപതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. മോചനത്തിനുള്ള നടപടി ആരംഭിച്ചു. ഒരു തടവുകാരനില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ ആരാധിക്കുകയും ചെയ്യുന്ന ആളാണ് ഞാന്‍. റോമന്‍ ഭരണകൂടം ആ തടവുകാരനോട് നീതിപൂര്‍വകമായല്ല പെരുമാറിയതെന്ന ആക്ഷേപം എനിക്കല്ല, കാലത്തിനുണ്ട്. ഗാഗുല്‍ത്തയിലെ വിലാപം ഇരുപത് നൂറ്റാണ്ടുകള്‍ക്കിപ്പുറവും കേള്‍ക്കുന്നത് അതുകൊണ്ടാണ്. കുരിശിന്റെ വഴിയില്‍ ക്രുദ്ധരായ പട്ടാളക്കാരെ വകവയ്ക്കാതെ തടവുകാരനെ സമാശ്വസിപ്പിച്ച വെറോണിക്ക മാത്രമല്ല അവളുടെ പുണ്യം പതിഞ്ഞ തൂവാലയും ഇന്നും ഓര്‍മിക്കപ്പെടുന്നത് അതുകൊണ്ടാണ്.
തടവുകാരെ സന്ദര്‍ശിക്കുകയും സമാശ്വസിപ്പിക്കുകയും ചെയ്യണമെന്നത് ആ തടവുകാരന്റെ നിര്‍ദേശമാണ്. അന്ത്യവിധിയുടെ നാളില്‍ വിലമതിക്കപ്പെടുന്ന മനോഗുണപ്രവൃത്തിയാണത്. ഇത് ക്രിസ്ത്യാനികള്‍ക്കു മാത്രം ബാധകമായ കാര്യമല്ല. വിനയന്റെ വിശ്വാസത്തിലും, അല്ലെങ്കില്‍ പ്രത്യയശാസ്ത്രത്തിലും, ആത്മീയതയുടെ ഈ വെളിച്ചമുണ്ടാകണം. ജയറാമിന്റെ ഓണക്കോടിയിലും ഗണേഷ്കുമാറിന്റെ അല്പം അതിരുവിട്ട സംഭാഷണത്തിലും ഈ വെളിച്ചം ഞാന്‍ കാണുന്നുണ്ട്. മകന് ജയിലില്‍ കിടന്നാലും കാണാന്‍ പോവില്ലെന്ന് വിനയന് പറഞ്ഞത് മകന് ജയിലില്‍ കിടക്കാത്തതുകൊണ്ടാണ്. മകന് ജയിലില്‍ കിടക്കുമ്പോഴുള്ള വേദന അനുഭവിച്ചിട്ടുള്ള പിതാവാണ് ഞാന്‍.
ഇരയോടുള്ള സഹാനുഭൂതി പ്രതിയോടുള്ള വിദ്വേഷത്തിന് കാരണമാകരുത്. ആക്രമിക്കപ്പെട്ടവള്‍ ചൂണ്ടിക്കാട്ടിയ പ്രതികള്‍ ജയിലിലുണ്ട്. അവര്‍ക്കെതിരെ തെളിവുകള്‍ ശക്തമാക്കി പരമാവധി ശിക്ഷ ഉറപ്പിക്കാനാണ് പൊലീസ് ശ്രമിക്കേണ്ടത്. സ്ത്രീയെ ലൈംഗികമായി ആക്രമിക്കുന്ന പുരുഷന്റെ ഉദ്ദേശ്യമെന്തെന്ന് അന്വേഷിക്കേണ്ടതില്ല. സമാനമായ ആക്രമണം മറ്റ് നടികള്‍ക്കെതിരെയും പള്‍സര്‍ സുനി നടത്തിയതായി വാര്‍ത്തയുണ്ട്. ദിലീപ് പ്രതിയാക്കപ്പെട്ട കേസിന് ആസ്പദമായ സംഭവത്തിന്റെ ആസൂത്രണം മുഖ്യപ്രതി സുനി നേരിട്ട് നടത്തിയതാകണം. അതിനുള്ള പ്രാപ്തിയും പരിചയവും അയാള്‍ക്കുണ്ട്. വെളിവാക്കപ്പെട്ട രേഖകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ എനിക്കുള്ള മറ്റ് സന്ദേഹങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല.
കടപ്പാട്: സൗത്ത്ലൈവ്