ബാഴ്സലോണ: സ്പാനിഷ് ലീഗിലെ കറ്റാലന്‍ ഡെര്‍ബിയില്‍ ബാഴ്സലോണയ്ക്കു ജയം. സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഹാട്രിക് മികവാണ് ബാഴ്സലോണയ്ക്കു ലോക്കല്‍ എതിരാളികളായ എസ്പാനിയോളിനെതിരേ 5-0ന്റെ ജയമൊരുക്കിയത്. ബാഴ്സലോണയുടെ ന്യൂകാമ്പ് സ്റ്റേഡിയത്തില്‍ പുതിയതായി ബാഴ്സലോണയിലെത്തിയ ഒസാമെന് ഡെംബെലെ പകരക്കാരനായി ഇറങ്ങി ലൂയിസ് സുവാരസിന്റെ ഗോളിനു വഴിയൊരുക്കുകയും ചെയ്തു. 68-ാം മിനിറ്റിലാണ് ഡെംബെലെ ബാഴ്സലോണ കുപ്പായത്തില്‍ അരങ്ങേറ്റം കുറിച്ചത്.
കിരീടപോരാട്ടത്തില്‍ ബാഴ്സയുടെ പ്രധാന എതിരാളികളായ റയല്‍ മാഡ്രിഡിനും അത്ലറ്റിക്കോ മാഡ്രിഡിനും സമനില കൊണ്ടു തൃപ്തരാകേണ്ടിവന്നിരുന്നു. ലീഗില്‍ കഴിഞ്ഞ മൂന്നു മത്സരവും ബാഴ്സലോണ ജയിച്ചു. ബാഴ്സോലണയ്ക്കു വേണ്ടി മെസി നേടുന്ന 38-ാമത്തെ ഹാട്രിക്കാണ്. ലീഗില്‍ 554 ദിവസത്തിനുശേഷം മെസി നേടുന്ന ഹാട്രിക്കാണ്. 2016 മാര്‍ച്ച് മൂന്നിന് റയോ വയ്യക്കാനോയ്ക്കെതിരേയാണ് ലീഗില്‍ ഇതിനുമുമ്പുള്ള ഹാട്രിക്.
26-ാം മിനിറ്റില്‍ മെസി ഗോളടിക്കു തുടക്കമിട്ടു. മെസി ഓഫ് സൈഡായിരുന്നുവെന്ന് റിപ്ലേകളില്‍ വ്യക്തമായിരുന്നു. ആദ്യ പകുതി തീരാന്‍ പത്തു മിനിറ്റുള്ളപ്പോള്‍ അര്‍ജന്റീനയുടെ താരം രണ്ടാം ഗോള്‍ നേടി. 67-ാം മിനിറ്റില്‍ മെസി ഹാട്രിക് തികച്ചു. കളി തീരാന്‍ മൂന്നു മിനിറ്റുള്ളപ്പോള്‍ ജെറാര്‍ഡ് പിക്വെ ഹെഡറിലൂടെ ബാഴ്സലോണ 4-0ന് മുന്നിലെത്തി. ഇഞ്ചുറി ടൈമിലേക്കു കടക്കുന്നതിനു മുമ്പ് ഡെംബെലെ ഒരുക്കിയ പാസില്‍ സുവാരസ് ഗോള്‍ നേടി.
മത്സരത്തില്‍ പതുക്കെത്തുടങ്ങിയ ബാഴ്സലോണ സാവധാനം ആക്രമണത്തിനു വേഗം കൂട്ടുകയായിരുന്നു. 26-ാം മിനിറ്റില്‍ ഇവാന് റാക്കിട്ടിച്ചിന്റെ പാസ് ബോക്സിനുള്ളില്‍നിന്ന് മെസിയെ തേടിയെത്തി. മെസി കൃത്യമായി പന്ത് വലയിലാക്കി. റിപ്ലേകളില്‍ മെസി ഓഫ്സൈഡായിരുന്നുവെന്ന് വ്യക്തമായിരുന്നു. 35-ാം മിനിറ്റില്‍ ജോര്‍ഡി ആല്‍ബയുടെ പാസില്‍നിന്ന് മെസി രണ്ടാം തവണയും വലകുലുക്കി.
രണ്ടാം പകുതിയില്‍ എസ്പാനിയോളിനു ഒരു ഗോള്‍ മടക്കാന്‍ കിട്ടിയ അവസരം ഫലവത്താക്കാനായില്ല. 67-ാം മിനിറ്റില്‍ മെസിയുടെ ഹാട്രിക്കിന് ആല്‍ബ അവസരമൊരുക്കി. തൊട്ടടുത്ത മിനിറ്റില്‍ ജെറാര്‍ഡ് ഡിലോഫിനു പകരം ഡെംബെലെ ഇറങ്ങി. വന്‍ കരഘോഷത്തോടെയാണ് ന്യൂകാമ്പ് താരത്തെ സ്വീകരിച്ചത്.
കളി തീരാന്‍ മൂന്നു മിനിറ്റുള്ളപ്പോള്‍ ഒരു കോര്‍ണറുടെ തുടര്‍ച്ചയായി ലഭിച്ച പന്ത് പിക്വെ ഹെഡര്‍ ചെയ്തു വലയിലാക്കി. 90-ാം മിനിറ്റില്‍ സുവാരസ് അവസാന ഗോളും ചേര്‍ത്തു. ഡെംബെലയുടെ പാസില്‍നിന്നായിരുന്നു ഗോള്‍. മൂന്നു കളികളിൽനിന്ന് ഒന്പതുപോയിന്റുള്ള ബാഴ്സയാണു മുന്നിൽ.