കൊണ്ടോട്ടി: ദമാമിൽ നിന്നെത്തിയ യാത്രക്കാരൻ ട്രോളി ബാഗിന്റെ ബീഡിംഗുകളായി ഒളിപ്പിച്ചു കടത്തിയ 1.3495 കിലോഗ്രാം സ്വർണം കരിപ്പൂർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ് 348 ദമാം വിമാനത്തിൽ കരിപ്പൂരിലെത്തിയ കോഴിക്കോട് കൊടുവള്ളി അക്കിരിപറമ്പത്ത് സക്കീർ ഹുസൈൻ(27)എന്ന യാത്രക്കാരനിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്.
ട്രോളി ബാഗിന്റെ പിടിക്കടിയിൽ പ്രത്യേക ഫ്രെയിം തീർത്ത് സ്വർണത്തിന്റെ കമ്പികൾ ഫ്രെയിമിൽ ഒട്ടിച്ച നിലയിലായിരുന്നു. സ്വർണമാണെന്നു തിരിച്ചറിയാതിരിക്കാൻ ഇതിൽ മെർക്കുറി പൂശി വെളുപ്പിക്കുകയും ചെയ്തിരുന്നു. ഇതിനു മുകളിൽ റെക്സിൻ ഒട്ടിച്ചാണ് ട്രോളി ബാഗിന്റെ പിടി തയാറാക്കിയിരുന്നത്. പരിശോധനകളിൽ പെട്ടെന്ന് കണ്ടെത്താൻ കഴിയാത്ത വിധത്തിലാണ് ഇവ ഒട്ടിച്ചുവച്ചിരുന്നത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം ഇയാളെ നിർഗമന ഹാളിന്റെ വാതിലിൽ തടയുകയും പരിശോധിക്കുകയുമായിരുന്നു. കണ്ടെടുത്ത 1349.5 ഗ്രാം സ്വർണത്തിനു ഇന്ത്യൻ വിപണിയിൽ 41,69,955 രൂപ വിലവരും. ഒരാഴ്ചക്കിടെ കരിപ്പൂരിൽ 1.33 കോടിയുടെ സ്വർണമാണ് പിടികൂടിയത്.
കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ജോയ് തോമസിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ ബഷീർ അഹമ്മദ്, മുഹമ്മദ് അഷ്റഫ്, ഇൻസ്പെക്ടർമാരായ സന്ദീപ് നാൻ, ദിനേഷ്കുമാർ, ഗോപിനാഥ് എന്നിവരടങ്ങിയ സംഘമാണ് കള്ളക്കടത്ത് പിടികൂടിയത്.