ന്യൂഡൽഹി: ആക്രമണമല്ലായിരുന്നു ബുദ്ധിമുട്ടേറിയത്, മടക്കമായിരുന്നു- പാക്കിസ്ഥാനെ ഞെട്ടിച്ച് പാക് അധീനകാഷ്മീരിൽ മിന്നലാക്രമണം നടത്തിയ ഇന്ത്യൻ സേനാ സംഘത്തെ നയിച്ച മേജറിന്റെ വാക്കുകളാണിവ. സർജിക്കൽ സ്ട്രൈക്കിന്റെ ഒന്നാം വാർഷികത്തിലാണ് ആക്രമണത്തിന്റെ കൂടുതൽ വിശദാംശങ്ങളുമായി ബുക്ക് പുറത്തിറങ്ങിയിരിക്കുന്നത്.
പാക് അധീന കാഷ്മീരിലെ തീവ്രവാദ ക്യാന്പുകളിൽ ഇന്ത്യൻ സേന നടത്തിയ ആക്രമണം വളരെ കൃത്യതയാർന്നതായിരുന്നുവെന്ന് മേജർ മൈക് ടാംഗോ വെളിപ്പെടുത്തി. ‘ഇന്ത്യാസ് മോസ്റ്റ് ഫിയർലെസ്: ട്രൂ സ്റ്റോറീസ് ഓഫ് മോഡേൺ മിലിട്ടറി ഹീറോസ്’ എന്ന പുസ്തകം ശിവ് അരൂരും രാഹുൽ സിംഗും ചേർന്നാണ് എഴുതിയത്. പെൻഗ്വിനാണു പ്രസാധകർ. ഇന്ത്യൻ പട്ടാളക്കാരുടെ അസാധാരണ ധീരത വ്യക്തമാക്കുന്ന 14 കഥകളാണു പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഉറി ഭീകരാക്രമണത്തിന് ഇരകളായ രണ്ട് സൈനിക യൂണിറ്റുകളിലെ പട്ടാളക്കാരെ ഉൾപ്പെടുത്തിയാണു പ്രതികാര ഓപ്പറേഷനുള്ള സംഘത്തെ രൂപീകരിച്ചത്. പാക് അധീന കാഷ്മീരിലെ നാലു തീവ്രവാദ ക്യാന്പുകളാണു ലക്ഷ്യമിട്ടത്.
പാക് ചാരസംഘടനയായ ഐഎസ്ഐ നേരിട്ടു നടത്തുന്ന ഈ ക്യാന്പുകൾക്ക് പാക് പട്ടാളത്തിന്റെ സംരക്ഷണമുണ്ടായിരുന്നു. ഇന്റലിജൻസ് ബ്യൂറോയിലെയും റോയിലെയും മുതിർന്ന ഉദ്യോഗസ്ഥരാണ് ആക്രമണ ലക്ഷ്യങ്ങൾ നിശ്ചയിച്ചത്.
ടീം ലീഡറെന്ന നിലയിൽ മേജർ ടാംഗോ നേരിട്ടാണ് ഓരോ പട്ടാളക്കാരനെയും തെരഞ്ഞെടുത്തത്. 19 അംഗ സംഘത്തിന്റെ ജീവൻ തന്റെ കൈകളിലാണെന്ന ബോധ്യം മേജറിനുണ്ടായിരുന്നു. ആക്രമണമായിരുന്നില്ല തന്നെ അസ്വസ്ഥമാക്കിയതെന്നു മേജർ വിശദീകരിക്കുന്നു. ആക്രമണശേഷമുള്ള മടക്കമായിരുന്നു. പാക് പട്ടാളത്തിന്റെ വെടിയുണ്ടകൾക്കിടയിലൂടെയുള്ള മടക്കമായിരുന്നു യഥാർഥത്തിൽ ജീവൻവച്ചുള്ള കളിയെന്ന് അദ്ദേഹം ഓർക്കുന്നു.
ഗ്രനേഡുകളും ഏറ്റവും മികച്ച തോക്കുകളുമായാണ് അതിർത്തികടന്നത്. ജയ്ഷ് ഇ-മുഹമ്മദ് ഭീകര സംഘടനയിൽ നുഴഞ്ഞുകയറിയ ചാരൻമാരുടെ സേവനമടക്കം ഇന്ത്യൻ സംഘത്തിനുണ്ടായിരുന്നു. മൂന്നു സംഘങ്ങളായി തിരിഞ്ഞാണു നാലു ക്യാന്പുകൾ അക്രമിച്ചത്.
ഒരു മണിക്കൂറിനകം ആക്രമണം വിജയകരമായി പൂർത്തി യാക്കി മടങ്ങാൻ തുടങ്ങി. ഇന്ത്യൻ പട്ടാളത്തെ കണ്ട പാക് പട്ടാളം വെടിയുതിർക്കാൻ തുടങ്ങി. പായുന്ന വെടിയുണ്ടകളുടെ സീൽക്കാരമായിരുന്നു ചെവികളിൽ. തനിക്ക് ഒരടികൂടി പൊക്കമുണ്ടായിരുന്നെങ്കിൽ മരിച്ചുപോയേനെയെന്നു മേജർ പറയുന്നു.