കൊച്ചി: കൊച്ചി മെട്രോ യാത്രക്കാർക്ക് അനുബന്ധ യാത്രസൗകര്യമൊരുക്കുമെന്ന കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെഎംആർഎൽ) ഉറപ്പു പാഴ്വാക്കായി. മെട്രോ അധികൃതരുടെ ആവശ്യപ്രകാരം മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചു നടത്തിവന്ന ഫീഡർ സർവീസുകൾ കേരള അർബൻ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെയുആർടിസി) നിർത്തലാക്കുന്നു. വരുമാന നഷ്ടം തങ്ങാനാകാതെയാണ് സർവീസുകൾ നിർത്താൻ തീരുമാനിച്ചതെന്ന് കെയുആർടിസി വിശദീകരിച്ചു. മെട്രോ ഉദ്ഘാടനത്തെത്തുടർന്ന് ആരംഭിച്ച 37 സർവീസുകളിൽ 17 എണ്ണം ഇതിനോടകം നിർത്തലാക്കിക്കഴിഞ്ഞു.
കെയുആർടിസിയുടെ ലോ ഫ്ളോർ എസി, നോണ് എസി ബസുകളാണു മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചു ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കു ഫീഡർ സർവീസുകൾ നടത്തിയിരുന്നത്. ആദ്യ ദിവസങ്ങളിൽ പ്രതീക്ഷിച്ച വരുമാനം കിട്ടിയിരുന്നെങ്കിലും പിന്നീടതു ഗണ്യമായി കുറഞ്ഞു. ഇപ്പോൾ സർവീസ് നടത്തുന്നതിന്റെ ചെലവുപോലും കിട്ടുന്നില്ലെന്നാണ് ഓപ്പറേഷൻ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ജി. അനിൽകുമാർ പറയുന്നത്. 20 സർവീസുകൾ നിലവിൽ ഓടുന്നുണ്ടെങ്കിലും വൈകാതെ ഇതു നിർത്തേണ്ട സാഹചര്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
മെട്രോ ഓടുന്ന ആലുവ മുതൽ പാലാരിവട്ടം വരെയുള്ള സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് ആദ്യഘട്ടം ഫീഡർ സർവീസുകൾ നടത്തിയത്. ഇതിനായി കെഎസ്ആർടിസിക്കു മാത്രം സർവീസ് നടത്താവുന്ന ആലുവ-അങ്കമാലി, ആലുവ-പെരുന്പാവൂർ, ആലുവ-പറവൂർ, ഇടപ്പള്ളി-ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി (കണ്ടെയ്നർ റോഡ് വഴി) എന്നീ റൂട്ടുകൾ തീരുമാനിച്ചു. മെട്രോ സർവീസ് ആരംഭിക്കുന്ന രാവിലെ ആറു മുതൽ രാത്രി 10.30 വരെ സ്റ്റേഷനുകളിൽ ബസ് ലഭ്യമായിരുന്നു.
ആദ്യ മാസത്തിനുശേഷം മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതോടെയാണ് ഇത് ഫീഡർ സർവീസുകളെയും ബാധിച്ചത്. ഇതോടെയാണ് ചില സർവീസുകൾ പുനക്രമീകരിച്ച് നഷ്ടം കുറയ്ക്കാനുള്ള ശ്രമം നടത്തിയത്. പാലാരിവട്ടത്ത് നിന്ന് ചാർട്ട് ചെയ്തിരുന്ന സർവീസ് കാക്കനാട് ഇൻഫോപാർക്കിലേക്കും, ആലുവയിലേത് സ്റ്റാൻഡിലേക്കും പുതുക്കി നിശ്ചയിച്ചയിച്ചതോടെ കാര്യങ്ങൾക്കു കുറച്ചുമാറ്റമുണ്ടായതായും അധികൃതർ പറഞ്ഞു. ഈ സർവീസുകളാണ് നിർത്തലാക്കാതെ ഇപ്പഴും തുടരുന്നത്.