എം.വി. വസന്ത്
പാലക്കാട്: തമിഴ്നാട്ടിൽ വ്യാപകമാകുന്ന നന്പർ ഗെയിം തട്ടിപ്പ് കൊഴുപ്പിക്കാൻ കേരള ലോട്ടറിയും. ഒറിജിനൽ കേരള ലോട്ടറിക്കു പുറമെ ഇവിടെ അച്ചടിക്കുന്ന വ്യാജനും തമിഴ്നാട്ടിൽ കളംപിടിച്ചുകഴിഞ്ഞു. അതിർത്തി ജില്ലകളിലെ ഏജന്റുമാരിൽനിന്നു പഴയ ചെക്പോസ്റ്റ് പരിസരങ്ങളിലെ കടകളിൽനിന്നു മൊത്തമായി ലോട്ടറികൾ വിലയ്ക്കു വാങ്ങിയാണു തമിഴ്നാട് ലോബി ലോട്ടറി കടത്തുന്നത്.
നന്പറുകൾ എഴുതിനല്കി കേരള ലോട്ടറിയുടെ റിസൾട്ടുമായി ഒത്തുനോക്കി സമ്മാനം നല്കുന്ന രീതിയാണു തമിഴ്നാട്ടിൽ അരങ്ങേറുന്നത്. അവസാനത്തെ മൂന്നു നന്പറുകൾ കണക്കാക്കി അയ്യായിരം, 10,000 രൂപയുടെ മാത്രം കളികളാണ് ഇങ്ങനെ നടത്തുന്നത്. ഈ കളികൾക്കു ആധികാരിക സ്വഭാവം വരുത്തുന്നതിന്റെ ഭാഗമായാണു കേരള ലോട്ടറി അവിടെയെത്തിക്കുന്നത്.
ചെന്നൈയടക്കമുള്ള നഗരങ്ങളിലും മറ്റു ജില്ലകളിലും കേരള ലോട്ടറി ഉപയോഗിച്ചു കൊണ്ടുള്ള നന്പർ ഗെയിം തട്ടിപ്പ് പെരുകുകയാണ്. കേരള അതിർത്തിവിട്ടു ലോട്ടറി എവിടെക്കണ്ടാലും അവിടത്തെ പോലീസിനു പിഴ ചുമത്താവുന്നതാണെന്നിരിക്കേ ചെന്നൈയടക്കമുള്ള അന്യസംസ്ഥാനങ്ങളിലേക്കു കേരള ലോട്ടറി എത്തുന്നതിലും ദുരൂഹതയുണ്ട്.
ഇത്തരത്തിൽ ഒരു ലോട്ടറി പോലും പിടിക്കപ്പെട്ടാൽ പിഴയീടാക്കാം. എങ്കിലും പിടിക്കപ്പെടാതെ ലോട്ടറി ഒഴുക്കു തുടരുകയാണ്. വാളയാർ കേന്ദ്രീകരിച്ചു കൊറിയർ സർവീസ് വഴിയും പാഴ്സലായും വാഹനങ്ങളിലും ലോട്ടറി കടത്തുന്നുണ്ട്. ഒലവക്കോട് ഭാഗത്തുനിന്നു ട്രെയിൻ മാർഗവും ലോട്ടറി പോകുന്നുണ്ട്. ഇതൊന്നും തമിഴ്നാട്ടിൽ പിടിക്കപ്പെടുന്നുമില്ല.
വാളയാറും ഗോപാലപുരത്തും കേരള ലോട്ടറിയുടെ വ്യാജ ടിക്കറ്റുകൾ അച്ചടിച്ചു വില്ക്കുന്നതായി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വാളയാറിൽ വീടെടുത്തു വാടകയ്ക്കു താമസിച്ചുവരുന്ന ചിലരിലേക്കു അന്വേഷണം നീങ്ങിയിട്ടുണ്ട്. ലോട്ടറി വാങ്ങുന്നതു തമിഴ്നാട്ടിലേക്കാണെന്നു അറിഞ്ഞിട്ടും മൊത്തമായി വില്പന നടത്തുന്ന ഏജൻസികൾക്കെതിരേ ഭാഗ്യക്കുറി വകുപ്പ് നടപടിയ്ക്കു മുതിരാത്തതിലും ദൂരൂഹതയുണ്ടെന്ന ആരോപണവും നിലനില്ക്കുന്നു.