കൊച്ചി: മതസ്പർദ്ധ വളർത്തുന്ന രീതിയിൽ പ്രസംഗിച്ച ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയ്ക്കെതിരേ പറവൂർ പോലീസ് കേസെടുത്തു. ഐപിസി 153-ാം വകുപ്പു പ്രകാരമാണു കേസെടുത്തിട്ടുള്ളത്. ശശികലയ്ക്കു പുറമെ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ആർ.വി. ബാബുവിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇതേവകുപ്പാണു ബാബുവിനെതിരെയും ചുമത്തിയിരിക്കുന്നത്.
എഴുത്തുകാർക്കെതിരേ ശശികല വടക്കൻ പറവൂരിലെ സമ്മേളന വേദിയിൽ നടത്തിയ പ്രസംഗമാണു വിവാദമായത്. വെള്ളിയാഴ്ച നടത്തിയ പ്രസംഗത്തിനെതിരെ വി.ഡി. സതീശൻ എംഎൽഎ ഡിജിപിക്കും ഡിവൈഎഫ്ഐ പറവൂർ ബ്ലോക് സെക്രട്ടറി കെ.എസ്. സനീഷ് മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു.
ഈ പരാതികളുടെ അടിസ്ഥാനത്തിലാണു ശശികലയ്ക്കെതിരെ പോലീസ് കേസെടുത്തത്. സംഭവത്തിൽ പ്രസംഗം പരിശോധിച്ചശേഷം നടപടിയെടുക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ എറണാകുളം റൂറൽ എസ്പിക്കു നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി പ്രഫുല ചന്ദ്രന്റെ നേതൃത്വത്തിൽ ശശികല വടക്കൻ പറവൂരിൽ നടത്തിയ പ്രസംഗത്തിന്റെ വീഡിയോയും ഓഡിയോ ക്ലിപ്പുകളും ശേഖരിച്ചിരുന്നു. ക്ലിപ്പുകൾ പരിശോധിച്ചശേഷം അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്കു കടക്കുമെന്നു നോർത്ത് പറവൂർ സിഐ ക്രിസ്പിൻ സാം പറഞ്ഞു.
മതസ്പർദ്ധ ഉളവാക്കുന്നതും എഴുത്തുകാർക്കു നേരേ വധഭീഷണി ഉയർത്തുന്നതുമായ പ്രസംഗം നടത്തിയെന്നു ചൂണ്ടിക്കാട്ടിയാണു സതീശൻ പരാതി നൽകിയത്. മതേതരവാദികളായ എഴുത്തുകാർ സൂക്ഷിക്കണമെന്നും അല്ലെങ്കിൽ വെടിയേറ്റു മരിച്ച ഗൗരി ലങ്കേഷിന്റെ അവസ്ഥ ഉണ്ടാകുമെന്നും ശശികല പ്രസംഗിച്ചതായാണു പരാതി.
മതേതര എഴുത്തുകാർ സൂക്ഷിച്ചിരിക്കണം. അവർ ശിവക്ഷേത്രത്തിൽ പോയി മൃത്യുഞ്ജയ ഹോമം നടത്തുന്നതു നല്ലതാണെന്നും ശശികല പ്രസംഗത്തിൽ പറഞ്ഞു. ശശികലയ്ക്കുമുന്പ് സംസാരിച്ച ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ആർ.വി. ബാബുവും വി.ഡി. സതീശനെതിരേ സഭ്യേതരവും ഹീനവുമായ ഭാഷയിൽ സംസാരിച്ചു. അതേസമയം, താൻ ആർക്കെതിരേയും വധഭീഷണി ഉയർത്തിയിട്ടില്ലെന്ന് കെ.പി. ശശികലയുടെ വാദം.