മുവാറ്റുപുഴ: അറുപത്തി മൂന്നാം വയസിൽ ടെസ്റ്റട്യൂബ് ശിശുവിനു ജന്മം നൽകി വാർത്തയിൽ ഇടംനേടിയ ഭവാനി ടീച്ചർ (75) നിര്യാതയായി. വയനാട് ബിഎം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെ 1.30 നായിരുന്നു അന്ത്യം. എട്ടുമാസംമുന്പ് മാനന്തവാടിയിൽ സുഹൃത്തിന്റെ വീട്ടിൽ സംസാരിച്ചു നിൽക്കുന്നതിനിടെ മുവാറ്റുപുഴ സ്വദേശിനിയായ ഭവാനി ടീച്ചർ കുഴഞ്ഞുവീഴുകയായിരുന്നു.
തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ടീച്ചറിന്റെ ചികിത്സാ ചെലവുകളടക്കം വഹിച്ചിരുന്നതു വയനാട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു. ഇന്നു ബന്ധുക്കൾ എത്തിയശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നു ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.
ഏറെ കാത്തിരിപ്പിനുശേഷം ലഭിച്ച കണ്മണി രണ്ടു വയസുള്ളപ്പോൾ വീട്ടിൽ ബക്കറ്റിലെ വെള്ളത്തിൽ വീണു മരിക്കുകയായിരുന്നു. ഇതേത്തുടർന്നു മാനസിക സംഘർഷത്തിലായിരുന്ന ടീച്ചർ പിന്നീട് മാനന്തവാടിയിലേക്കു പോകുകയായിരുന്നു. തുടർന്ന് അധ്യാപന രംഗത്തു സജീവമായിരുന്നു.