കോട്ടയം: അൽഫോൻസ് കണ്ണന്താനം കേന്ദ്രമന്ത്രി പദവിയിൽ എത്തിയതുകൊണ്ട് കേരളത്തിൽ ബിജെപിക്ക് നേട്ടമൊന്നുമുണ്ടാകാൻ പോകുന്നില്ലെന്ന് കേരള കോൺഗ്രസ്-എം ചെയർമാൻ കെ.എം.മാണി. കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളിയായ ഒരാൾക്ക് കേന്ദ്രമന്ത്രിസഭയിൽ പ്രാധിനിത്യം നൽകിയെന്ന് കരുതി കേരളം മുഴുവൻ പിടിച്ചടക്കാമെന്നത് ബിജെപിയുടെ മിഥ്യാധാരണ മാത്രമാണ്. കണ്ണന്താനത്തിന്‍റെ മന്ത്രി പദവികൊണ്ട് ന്യൂനപക്ഷങ്ങൾക്ക് ബിജെപിയെക്കുറിച്ചുള്ള ധാരണ മാറുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിൽ ആര് പ്രതിപക്ഷ നേതാവാകണമെന്ന കാര്യത്തിൽ താൻ അഭിപ്രായം പറയേണ്ടതില്ല. ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും മാർക്കിടേണ്ട കാര്യം തനിക്കില്ല. പ്രതിപക്ഷ നേതാവിന്‍റെ പ്രവർത്തനം വിലയിരുത്തേണ്ടത് ജനങ്ങളാണ്. സാന്പത്തിക രംഗത്തെ കേന്ദ്ര സർക്കാരിന്‍റെ തെറ്റായ നയങ്ങൾ രാജ്യത്തിന്‍റെ വളർച്ചയെ പിന്നോട്ടടിച്ചുവെന്നും നോട്ട് നിരോധനം കനത്ത തിരിച്ചടിയാണ് സൃഷ്ടിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മദ്യവ്യവസായികൾക്ക് എല്ലാ സഹായവും ചെയ്യുന്ന സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. സ്വാശ്രയ പ്രശ്നത്തില്‍ സര്‍ക്കാര്‍ ശരിയായ രീതിയില്‍ കേസ് നടത്തിയിരുന്നുവെങ്കില്‍ പ്രശ്നങ്ങൾ ഒഴിവാക്കാമായിരുന്നു. പണമുള്ളവന് മാത്രമായി മെഡിക്കൽ പ്രവേശനം ചുരുങ്ങിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരള കോൺഗ്രസ്-എമ്മിന്‍റെ മുന്നണി പ്രവേശനം സംബന്ധിച്ചുള്ള ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല. പുതുവർഷത്തിൽ പാർട്ടിക്ക് പുതിയ നേതൃത്വം ഉണ്ടാകുമെന്നും കെ.എം.മാണി വ്യക്തമാക്കി.