കൊച്ചി: കൃഷിക്കാരനായ അരിക്കോട് സ്വദേശി സലാം നേരിട്ടിരുന്ന വലിയപ്രശ്നം തെങ്ങു കയറാൻ ആളെക്കിട്ടില്ലെന്നായിരുന്നു. ഗത്യന്തരമില്ലാതെ സലാം തളപ്പിട്ട് തെങ്ങിൽ വലിഞ്ഞുകയറുകപോലും ചെയ്തിരുന്നു.
എൻജിനിയറിംഗ് വിദ്യാർഥികളായ മക്കൾ ഷാമിലിനും ഷിബിലിനും ബാപ്പയുടെ ഈ വിഷമതകൾ കണ്ടു വെറുതെയിരിക്കാനായില്ല. വിപണിയിലുള്ള തെങ്ങുകയറ്റ യന്ത്രങ്ങളിലൊന്നും തൃപ്തരല്ലാതിരുന്ന അവർ ബാപ്പയ്ക്കു കൊടുക്കുന്ന സമ്മാനം അതുക്കും മേലയാകണമെന്നു നിശ്ചയിച്ചു.
ഒരു വർഷത്തെ പരിശ്രമത്തിനൊടുവിൽ അവരതു സാധിക്കുകയും ചെയ്തു. എൻജിനിയറിംഗ് വൈദഗ്ധ്യത്തിന്റെ അത്ഭുതപ്പെടുത്തുന്ന കരവിരുതിൽ സൃഷ്ടിച്ച അത്യാധുനിക തെങ്ങുകയറ്റ യന്ത്രം മുഖ്യമന്ത്രിയുടെ വരെ പ്രശംസ പിടിച്ചുപറ്റി. സിറ്റ് സ്റ്റാൻഡ് ക്ലൈംബർ എന്ന പേരിൽ തയാറാക്കിയ ഈ യന്ത്രമായിരുന്നു എറണാകുളം ലേ മെറിഡിയൻ കണ്വൻഷൻ സെന്ററിൽ ഇന്നലെ നടന്ന യുവസംരംഭകത്വ സംഗമവേദിയിലെ താരം.
പേരുപോലെ തന്നെ ഇരുന്നും നിന്നും തെങ്ങിൽ കയറാമെന്നതാണ് പ്രത്യേകത. സൈക്കിൾ സീറ്റ് ഘടിപ്പിച്ച യന്ത്രത്തിൽ അനായാസം തെങ്ങിൽ കയറാം. സ്ത്രീകൾക്കും കൈകാര്യം ചെയ്യാവുന്ന വിധമാണ് രൂപകൽപന. വളഞ്ഞ തെങ്ങിൽ പോലും തടസമില്ലാതെ പിടിച്ചു കയറാം. ലോക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. അതിനാൽ അപകടസാധ്യതയില്ല. 2000 രൂപയ്ക്കും 4000നും ഇടയിലാണ് ഇതിന്റെ വില.
പുത്തൻ സാങ്കേതികവിദ്യകൾ കണ്ടെത്തുകയും കൂടുതൽ മെച്ചപ്പെട്ട ഉത്പന്നം അവതരിപ്പിക്കുകയും ചെയ്യുന്നതിന് യുവ സംരംഭകരെ പ്രോൽസാഹിപ്പിക്കുന്ന ഡിസ്റപ്ട്, ഡിസ്ക്കവർ ആൻഡ് ഡെവലപ് എന്ന പ്രമേയവുമായാണ് കെഎസ്ഐഡിസി യേസ് ത്രീ ഡി 2017 ഉച്ചകോടി സംഘടിപ്പിച്ചത്.