കോട്ടയം: ബേക്കർ ജംഗ്ഷനു സമീപം ബൈക്ക് യാത്രക്കാരൻ ബസിടിച്ചു മരിച്ച കേസിൽ കെഎസ്ആർടിസി ഡ്രൈവർക്കെതിരേ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് 304 എ വകുപ്പു പ്രകാരം കേസെടുത്തു. ഡ്രൈവർ ഇന്നലെ പോലീസിന് കീഴടങ്ങിയിരുന്നു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും.
കോട്ടയം താഴത്തങ്ങാടി പള്ളിപ്പറന്പിൽ സലീമിന്റെ മകൻ അൻസർ (മിന്നാപ്പു -31) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.45നു ബേക്കർ ജംഗ്ഷനു സമീപം കോട്ടയം- കുമരകം റോഡിലുള്ള ബറോഡ ബാങ്കിനു മുന്പിൽ കുമരകം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിലായിരുന്നു അപകടം. യമുന ലോഡ്ജിനു സമീപത്തെ ഇടറോഡിൽനിന്ന് ചാലുകുന്ന് ഭാഗത്തേക്ക് പോവുകയായിരുന്നു ബൈക്ക് യാത്രക്കാരൻ. കോട്ടയം
കെഎസ്ആർടിസി സ്റ്റാൻഡിലേക്കു പോവുകയായിരുന്ന ബസുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്. ചേർത്തല- കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന ബസ് സർവീസ് അവസാനിപ്പിക്കുന്നതിനായി സ്റ്റാൻഡിലേക്കു പോവുകയായിരുന്നു. അൻസറിനെ കണ്ട്രോൾ റൂം പോലീസും കോട്ടയം ഫയർഫോഴ്സും ചേർന്നു ആംബുലൻസിൽ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഷറഫിയ കേറ്ററിംഗ് സർവീസിൽ ഡ്രൈവറായി ജോലി ചെയ്യുന്ന അൻസർ ജോലി കഴിഞ്ഞു വീട്ടിലേക്കു പോകുന്പോഴാണു അപകടമുണ്ടായത്. അൻസർ യാത്ര ചെയ്തിരുന്ന ഡിസ്കവർ ബൈക്ക് ഭാഗികമായി തകർന്നു. റോഡിൽ തളംകെട്ടി കിടന്നിരുന്നു രക്തം ഫയർഫോഴ്സ് എത്തിയാണു കഴുകി വൃത്തിയാക്കിയത്.
അപകടത്തെ തുടർന്നു ഏറെ നേരം കോട്ടയം- കുമരകം റോഡിൽ ഗതാഗതം തടസപ്പെട്ടു.
അൻസറിന്റെ മാതാവ്: ഹഫ്സ. ഭാര്യ: ഷാമില. മക്കൾ: അൻസിയ (എട്ട്), അൽഫിയ (മൂന്ന്). കബറടക്കം ഇന്നുച്ചകഴിഞ്ഞ് നടക്കും.