പാലക്കാട്: ജീവനു ഭീഷണിയുണ്ടെന്നു കാണിച്ച് പോലീസിൽ പരാതി നൽകിയിരുന്ന വയോധികനും ഭാര്യയും വീട്ടിനുള്ളിൽ കൊല്ലപ്പെട്ടനിലയിൽ. പാലക്കാട് തോലന്നൂരിൽ കോട്ടായി സ്റ്റേഷൻ പരിധിയിലുള്ള പൂളയ്ക്കപറന്പ് കുന്നിൻമേൽ വീട്ടിൽ സ്വാമിനാഥൻ (72), ഭാര്യ പ്രേമകുമാരി (65) ആണ് എന്നിവരാണ് കൊല്ലപ്പെട്ടത്. സ്വാമിനാഥൻ വെട്ടേറ്റു മരിച്ച നിലയിലും പ്രേമകുമാരിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ നിലയിലുമാണ് കണ്ടെത്തിയത്.
ഇവരുടെ മരുമകൾ ഷീബയെ വീടിനു പിന്നിൽ കെട്ടിയിട്ട നിലയിലും കണ്ടെത്തി. ഇന്നലെ രാത്രിയോ ഇന്നു പുലർച്ചെയോ ആണ് സംഭവമെന്നു കരുതുന്നു. പുലർച്ചെ വീട്ടിൽ പാലുകൊടുക്കാൻ ചെന്ന സ്ത്രീയാണ് സംഭവം ആദ്യം അറിഞ്ഞത്.വിവരമറിഞ്ഞ് കോട്ടായി പോലീസും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നടപടിക്രമങ്ങൾ സ്വീകരിച്ചുവരുന്നു.
സ്വാമിനാഥനും ഭാര്യയും മരുമകളുമാണ് വീട്ടിൽ താമസം. ഇവരുടെ രണ്ട് മക്കളിൽ ഒരാൾ ആർമിയിലും മറ്റൊരാൾ വിദേശത്തുമാണ്.
സംഭവത്തിനു പിന്നിൽ മോഷണമാണോ മറ്റെന്തെങ്കിലും വൈരാഗ്യമാണോ എന്നത് അന്വേഷിച്ചുവരികയാണ്. സ്വാമിനാഥൻ സ്വീകരണമുറിയിലും ഭാര്യ കിടപ്പുമുറിയിലുമാണ് മരിച്ചനിലയിലുള്ളത്.
ഷീബയെ വീടിനു പിന്നിൽ കൈയും കാലും കെട്ടിയിട്ട നിലയിലായിരുന്നു.കഴിഞ്ഞമാസം തങ്ങളെ അപായപ്പെടുത്താൻ ശ്രമം നടന്നതായി ആരോപിച്ച് സ്വാമിനാഥൻ കോട്ടായി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ടിവി കാണുന്നതിനിടെ ആരോ ജനലിലൂടെ വൈദ്യുതി പ്രവഹിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. ശബ്ദം കേട്ട് എത്തിയപ്പോൾ ഓടിപ്പോയെന്നും പറയുന്നു. പക്ഷേ ആരെന്ന് വ്യക്തമല്ല. ഇക്കഴിഞ്ഞ 31നാണ് സംഭവം. ഈ സംഭവത്തിനുശേഷം രണ്ടാഴ്ച പിന്നിടുന്പോഴാണ് നാടിനെ നടുക്കി ഇവർ കൊലചെയ്യപ്പെട്ടത്.
ബന്ധസ്ഥയായ നിലയിൽ കണ്ടെത്തിയ മരുമകൾ മാനസികമായി തകർന്നനിലയിലാണ്. ഇവരിൽനിന്നും വിവരങ്ങൾ ലഭിക്കുന്നപക്ഷമേ എന്താണ് സംഭവിച്ചതെന്ന വിശദാംശങ്ങൾ പോലീസിന് ലഭിക്കുകയുള്ളൂ. ഡോഗ് സ്ക്വാഡ്, ഫിംഗർ പ്രിന്റ് വിദഗ്ധർ എന്നിവരെല്ലാം സ്ഥലത്തെത്തിയിട്ടുണ്ട്.
സ്വാമിനാഥന്റെ പരാതിപ്രകാരം അന്ന് പോലീസ് കാര്യമായ അന്വേഷണം നടത്തിയിട്ടില്ലെന്നും ആരോപണമുണ്ട്. അന്വേഷണം നടന്നിരുന്നുവെങ്കിൽ ഇവർ കൊല്ലപ്പെടാനുള്ള സാധ്യത ഉണ്ടാവുമായിരുന്നില്ലെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നു. ഇവരുടെ വീടിന് 200 മീറ്റർ അകലെയാണ് മകന്റെ വീട്. തന്നെ അപായപ്പെടുത്താൻ ആരോ ശ്രമിച്ചെന്ന പരാതി സ്വാമിനാഥൻ കൊടുത്തതോടെയാണ് മരുമകൾ ഷീബ ഇവർക്കൊപ്പം താമസമാക്കിയത്.രണ്ടിലധികം പേർ ചേർന്നാണ് കൃത്യം നടത്തിയതെന്ന് പോലീസ് കരുതുന്നു. തെളിവുകൾ നശിപ്പിക്കാനായി സംഭവസ്ഥലത്ത് പ്രതികൾ മുളകുപൊടി വിതറിയിട്ടുണ്ട്.