സ്വന്തം ലേഖകൻ
തൃശൂർ: ആരോഗ്യത്തോടെ ഒരുപാട് സ്വപ്നങ്ങളുമായി ദുബായിലേക്കു പോയ മകൻ അവശനിലയിൽ കിടക്കുന്നതുകണ്ട് ആ അച്ഛനു കുറേനേരം സംസാരിക്കാനായില്ല. സങ്കടമകന്നപ്പോൾ മനസു തുറന്നു. ഏറെ സംസാരിച്ചു.ദുബായിലെ ആശുപത്രിയിൽ അവശനിലയിൽ ആരോരും സഹായമില്ലാതെ കഴിഞ്ഞിരുന്ന മകൻ പ്രദീപ് ശർമ മലയാളിയുടെ കാരുണ്യത്തിന്റെ മടിത്തട്ടിലെത്തിയതറിഞ്ഞാണ് ബീഹാറിൽനിന്ന് അച്ഛൻ താർ ശർമ എത്തിയത്. കാണാൻ പോലും കഴിയില്ലെന്നു കരുതിയിരുന്ന മകനെ നേരിൽ കണ്ടപ്പോൾ അച്ഛന്റെ കണ്ണുകൾ നിറഞ്ഞു. കുറെനേരം ഒന്നും മിണ്ടാനാകാതെ മകന്റെ മുഖത്തു നോക്കിനിന്നു. പിന്നീട് നിരവധി തവണ മകനെ വിളിച്ചു. പക്ഷേ, തിരിച്ചൊന്നും പറയാനാകാതെ മകൻ മുഖത്തേക്കു നോക്കി കിടക്കുകയായിരുന്നു.
ദുബായിലെ ആശുപത്രിയിൽ അവശനിലയിൽ കഴിഞ്ഞിരുന്ന ബീഹാർ സ്വദേശി പ്രദീപ് ശർമയെ ശാന്തി മെഡിക്കൽ ആൻഡ് ഇൻഫർമേഷൻ സെന്റർ നടത്തുന്ന ഉമ പ്രേമനും സംഘവുമാണ് കഴിഞ്ഞദിവസം കേരളത്തിലെത്തിച്ചത്. ഇവർ വിവരമറിയിച്ചതിനെതുടർന്നാണ് പ്രദീപിന്റെ അച്ഛൻ എത്തിയത്. മകന്റെ അവസ്ഥ കണ്ട് തളർന്ന അച്ഛനെ ഉമ പ്രേമൻ ധൈര്യപ്പെടുത്തി. ഒന്നും തിരിച്ചുപറയാൻ കഴിയില്ലെങ്കിലും എല്ലാം മനസിലാകുന്നുണ്ടെന്നു പറഞ്ഞതോടെ വീട്ടിലെ കാര്യങ്ങളൊക്കെ അച്ഛൻ പറയാൻ തുടങ്ങി. അതോടെ പ്രദീപിന്റെ മിഴികൾ അച്ഛന്റെ മുഖത്തുതന്നെയായി.
ഭക്ഷണത്തെപ്പറ്റിയൊക്കെ പ്രദീപിനോടു ചോദിക്കുന്നുണ്ടായിരുന്നു. ഭക്ഷണം ട്യൂബ് വഴിയാണ് നൽകുന്നതെന്നു പറഞ്ഞപ്പോൾ അദ്ദേഹം പുതപ്പു പതുക്കെ താഴോട്ടു മാറ്റി. ശോഷിച്ചു ചലനശേഷി നഷ്ടപ്പെട്ട മകന്റെ കൈവെള്ളയിൽ പതുക്കെ തടവിക്കൊണ്ട് അദ്ദേഹം ഭാര്യയുടെയും മക്കളുടെയും വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ സംസാരത്തിൽനിന്നാണ് പ്രദീപിന്റെ ഭാര്യ ബേബിയുടെയും മൂന്നു മക്കളുടെയും കാര്യങ്ങൾ അറിയുന്നത്. ഒരു പെണ്കുട്ടിയും രണ്ട് ആണ്കുട്ടികളും അച്ഛൻ വരുന്നത് കാത്തു വീട്ടിൽ ഇരിക്കുന്നുണ്ട്. മൂത്തകുട്ടി ഇപ്പോൾ നാലാം ക്ലാസിൽ പഠിക്കുന്നു.
പ്രദീപിനെ കൂടാതെ ഒരു സഹോദരനും അദ്ദേഹത്തിന്റെ കുടുംബവും വീട്ടിലുണ്ട്. സ്വന്തം എന്നുപറയാൻ ഒരു വീട് മാത്രമേ ഇവർക്കുള്ളൂ. വരുമാനം എന്നുപറയാൻ പ്രദീപിന്റെ അച്ഛനും സഹോദരനും ഇടക്കിടയ്ക്കു കിട്ടുന്ന മരപ്പണി മാത്രം. അതുകൊണ്ടാണ് ഈ വലിയ കുടുംബം പുലരുന്നത്. പ്രദീപിന്റെ ഭാര്യയ്ക്കും വരണമെന്നുണ്ടായിരുന്നു. കേട്ടറിവ് മാത്രമുള്ള ഇങ്ങോട്ട് അവരെയും കൂട്ടി വരാൻ ഭയം. കൂടാതെ കൈയിൽ പണവുമില്ല: അച്ഛന്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു.
ഒരുപാടു സ്വപ്നങ്ങൾ മനസിൽ കൊണ്ടുനടന്ന മകനെ ഈ നിലയിൽ കാണുന്നത് ആ പിതാവിനു താങ്ങാനാവുന്നതിലും വലുതായിരുന്നു. ഫോണിൽ ഭാര്യയുടെ സംസാരം കേൾപ്പിക്കാൻ ശ്രമിച്ചെങ്കിലും അവരുടെ പൊട്ടിക്കരച്ചിൽ പ്രദീപിന് സങ്കടം ഉണ്ടാക്കിയാലോ എന്നു കരുതി ആ ശ്രമം ഉപേക്ഷിച്ചു.
2015 ജൂൺ 18നാണ് പ്രദീപ് ദുബായിലെത്തുന്നത്. ഒരുവർഷ ത്തിനുശേഷം 2016 ജൂണിൽ സ്ട്രോക്ക് വന്നതിനെതുടർന്ന് കിടപ്പിലാകുകയായിരുന്നു. ഒ ന്നേകാൽ വർഷത്തോളമായി ആശുപത്രിയിലായിരുന്നു.ദുബായിലെ റാഷിദ് ആശുപത്രിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കഴിയുന്ന 20 പേരെ ഏറ്റെടുക്കുന്നതിന്റെ തുടക്കമായാണ് ഉമ പ്രേമനും സംഘവും പ്രദീപിനെ കഴിഞ്ഞദിവസം കേരളത്തിലെത്തിച്ചത്.
കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സഹായത്തോടെ അട്ടപ്പാടിയിൽ നടത്തുന്ന ഫിസിയോതെറാപ്പി സെന്ററിന്റെ സഹകരണത്തോടെയാണ് ഉമ പ്രേമൻ ആരോരുമില്ലാതെ കഴിയുന്ന ഇവരെ ഏറ്റെടുത്ത് കാരുണ്യം പകരാൻ തീരുമാനിച്ചിരിക്കുന്നത്. വിദേശത്തുള്ള ഇവരെ കാണാൻപോലും ബന്ധുക്കൾക്കു കഴിയാറില്ല. കേരളത്തിലെത്തിച്ചാൽ ഇന്ത്യയിലെവിടെയുള്ളവർക്കും ട്രെയിൻ ടിക്കറ്റെടുത്തു കൊടുത്താൽ പോലും വന്നു കാണാൻ കഴിയുമല്ലോയെന്നാണ് ഉമ പ്രേമന്റെ നല്ല മനസ് പറയുന്നത്.