കൊച്ചി: ലോകകപ്പ് ഫുട്ബോൾ ആവേശത്തിന്റെ ദിനങ്ങളിലേക്കുള്ള ആരാധകരുടെ കാത്തിരിപ്പിന് ഇനി അധികം അകലമില്ല. കാൽപ്പന്തുകളിയിലെ നാളത്തെ സുവർണ നക്ഷത്രങ്ങളുടെ തേരോട്ടത്തിനായി കൊച്ചി തയാറായി. ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്കു വേദിയൊരുക്കുന്ന കലൂർ ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയം 18ന് ഫിഫ സംഘത്തിനു കൈമാറും.പരിശീലന മൈതാനങ്ങളായ മഹാരാജാസ് കോളജ് ഗ്രൗണ്ട്, പനന്പള്ളി നഗർ സ്കൂൾ ഗ്രൗണ്ട്, ഫോർട്ട്കൊച്ചി പരേഡ് ഗ്രൗണ്ട്, വെളി സ്റ്റേഡിയം എന്നിവയും പ്രധാന വേദിക്കൊപ്പം 18ന് ഫിഫയ്ക്കു കൈമാറും.
കലൂർ സ്റ്റേഡിയത്തിന്റെയും പരിശീലന മൈതാനങ്ങളുടെയും അവസാനവട്ട മിനുക്കുപണികളാണ് ഇപ്പോൾ നടക്കുന്നത്. ഫിഫയുടെ നിലവാരത്തിൽ തന്നെയാണ് എല്ലാ സ്റ്റേഡിയങ്ങളും ഒരുക്കിയിരിക്കുന്നത്. എല്ലാം പരിശോധിച്ച ഫിഫസംഘം കൊച്ചിയിലെ ഒരുക്കങ്ങളിൽ നേരത്തെ പൂർണ തൃപ്തി പ്രകടിപ്പിച്ചിരുന്നു. കലൂർ സ്റ്റേഡിയത്തിന്റെ അകത്തുള്ള എല്ലാ നിർമാണ പ്രവർത്തികളും പൂർത്തിയായിട്ടുണ്ട്. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി പുറത്തുള്ള ജോലികൾ മാത്രമാണു ബാക്കിയുള്ളത്.
ടൂർണമെന്റ് ഡയറക്ടർ ഹവിയർ സെപ്പി ഉൾപ്പെടുന്ന ഫിഫ സംഘം 18ന് കൊച്ചിയിലെത്തും. 60,000 പേരെ ഉൾക്കൊള്ളാവുന്ന കലൂർ സ്റ്റേഡിയത്തിൽ പക്ഷേ ലോകകപ്പിനു 41,478 പേർക്കാണു സീറ്റിംഗ് ഒരുക്കിയിരിക്കുന്നത്. സുരക്ഷാക്രമീകരണങ്ങളിൽ ഫിഫ പുലർത്തുന്ന മാനദണ്ഡ പ്രകാരമാണ് ഇരിപ്പിടങ്ങൾ ഒരുക്കിയിരിക്കുന്നത്. സ്റ്റേഡിയങ്ങൾ കൈമാറിയ ശേഷം ലോകകപ്പിന്റെ പ്രചാരണ പരിപാടികൾ പ്രദേശിക സംഘാടക സമിതിയുടെ നേതൃത്വത്തിൽ ആരംഭിക്കും.
ലോകകപ്പിനോടനുബന്ധിച്ചുള്ള അനുബന്ധ വികസന പ്രവർത്തനങ്ങളും മുന്നോട്ടു പോകുന്നുണ്ട്. സ്റ്റേഡിയത്തിനു സമീപമുള്ള റോഡുകളുടെ നവീകരണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. കേരളത്തിൽ ഏറ്റവുമധികം ആരാധകരുള്ള ടീമുകളായ ബ്രസീലും, സ്പെയിനും കളിക്കാനെത്തുന്പോൾ കാൽപ്പന്തുകളിയിൽ അത്ഭുതങ്ങൾ രചിച്ച പല സൂപ്പർ താരങ്ങളും കൊച്ചിയിലെത്തുമെന്നാണു പ്രതീക്ഷ.
ടിക്കറ്റ് വിൽപ്പനയിലും മറ്റു വേദികളെ അപേക്ഷിച്ചു കൊച്ചി ബഹുദൂരം മുന്നിലാണ്. കൊച്ചിയിൽ നടക്കുന്ന ബ്രസീൽ – സ്പെയിൻ മത്സരത്തിന്റെ ടിക്കറ്റുകൾ ഇതിനകം വിറ്റുതീർന്നിരുന്നു. മറ്റു മത്സരങ്ങൾക്കും സ്റ്റേഡിയം നിറയെ കാണികൾ എത്തുമെന്നാണു സംഘാടകരുടെ പ്രതീക്ഷ. കലൂർ സ്റ്റേഡിയത്തിൽ ടിക്കറ്റ് വിൽപ്പന നടത്തില്ലെന്ന് ഫിഫ സംഘം വ്യക്തമാക്കിയിരുന്നു. എന്നാൽ, സ്റ്റേഡിയത്തിൽനിന്നു മാറി എവിടെയെങ്കിലും ടിക്കറ്റ് കൗണ്ടർ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കാമെന്നായിരുന്നു അറിയിച്ചിരുന്നത്.
ടിക്കറ്റ് വിൽപ്പന പൂർത്തിയാകുന്പോൾ കൊച്ചിയിൽ നടക്കുന്ന മത്സരങ്ങളുടെ മുഴുവൻ ടിക്കറ്റുകളും വിറ്റുപോകുമെന്ന കണക്കുകൂട്ടലിലാണു സംഘാടകർ. അണ്ടർ 17 ലോകകപ്പിലെ ഗ്രൂപ്പ് ഡി മത്സരങ്ങൾക്കാണു കൊച്ചി വേദിയൊരുക്കുന്നത്.
ബ്രസീൽ, സ്പെയിൻ, ഉത്തര കൊറിയ, നൈജർ എന്നീ ടീമുകളാണു ഈ ഗ്രൂപ്പിലുള്ളത്. ഇതു കൂടാതെ, ജർമനി -ഗിനിയ മത്സരവും കൊച്ചിയിൽ നടക്കും. ഗ്രൂപ്പ് മത്സരങ്ങൾക്കു ശേഷം ഒന്നു വീതം പ്രീ ക്വാർട്ടർ, ക്വാർട്ടർ മത്സരങ്ങളും കൊച്ചിയിലാണു നടക്കുന്നത്. നേരത്തെ കോൽക്കത്തിലെ സാള്ട്ട് ലേക്ക് സ്റ്റേഡിയം ഫിഫയ്ക്കു കൈമാറിയിരുന്നു.