ന്യൂഡൽഹി: വിദേശ ഇന്ത്യക്കാരുടെ വിവാഹങ്ങൾക്കും ആധാർ കാർഡ് നിർബന്ധമാക്കുന്നു. എൻആർഐ വിവാഹങ്ങളുടെ രജിസ്ട്രേഷന് ആധാർ നിർബന്ധമാക്കാനാണു നിർദേശം.
ഉപേക്ഷിക്കൽ, മറ്റു വൈവാഹിക പ്രശ്നങ്ങൾ എന്നിവ തടയുന്നതിനുവേണ്ടിയാണ് നടപടിയെന്ന് മന്ത്രിതല സമിതി വിദേശകാര്യ മന്ത്രാലയത്തിനു നൽകിയ റിപ്പോർട്ടിൽ പറയുന്നു. എൻആർഐ ഭർത്താക്കൻമാർ സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കുന്നതു തടയാനും ഗാർഹിക പീഡനത്തിന് അറുതി വരുത്താനും ആധാർ നിർബന്ധമാക്കണമെന്നു സമിതിയുടെ റിപ്പോർട്ടിൽ പരാമർശമുണ്ട്. ഓഗസ്റ്റ് 30നാണു സമിതി വിദേശകാര്യ മന്ത്രാലയത്തിനു റിപ്പോർട്ട് നൽകിയത്.
വിദേശ ഇന്ത്യക്കാർക്കും ഇന്ത്യയിലെ വിദേശ പൗരൻമാർക്കും ഇന്ത്യൻ വംശജർക്കും ആധാർ നിർബന്ധമാക്കുന്നതു സംബന്ധിച്ച നയം നിർമിക്കുന്നതിനുള്ള പ്രയത്നത്തിലാണ് ആധാറിന്റെ ചുമതലയുള്ള യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി.