കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപ് നായകനായി അഭിനയിച്ച ചിത്രം രാമലീല റിലീസ് ചെയ്യുന്നതിനു പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നിർമാതാവ് ടോമിച്ചൻ മുളകുപാടം ഹൈക്കോടതിയിൽ ഹർജി നൽകി.
സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായി പ്രദർശനത്തിനു തയാറായ സമയത്താണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ ദിലീപിനെ അറസ്റ്റു ചെയ്തതെന്നും ഇതോടെ റിലീസിംഗ് മുടങ്ങിയെന്നും ഹർജിയിൽ പറയുന്നു.
കഴിഞ്ഞ ജൂലൈ 21ന് ചിത്രം റിലീസ് ചെയ്യാനിരുന്നതാണ്. പക്ഷേ നടിയെ ആക്രമിച്ച കേസിൽ ജൂലൈ 10ന് ദിലീപ് അറസ്റ്റിലായതോടെ റിലീസിംഗ് മുടങ്ങി. 14 കോടിയിലധികം രൂപ ചെലവിട്ടു നിർമിച്ച സിനിമയുടെ പ്രചാരണത്തിന് ഒരു കോടി രൂപയോളം മുടക്കികഴിഞ്ഞു.
ദിലീപ് അറസ്റ്റിലായതോടെ രാമലീല പ്രദർശിപ്പിച്ചാൽ തീയറ്ററുകൾക്കു നേരെ ആക്രമണമുണ്ടാകുമെന്ന ആശങ്കയിലാണ് തിയറ്റർ ഉടമകൾ. ദിലീപ് അറസ്റ്റിലായി രണ്ടു മാസം കഴിഞ്ഞിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല. കേസവസാനിക്കുന്നതു വരെ സിനിമ റിലീസ് ചെയ്യാതിരിക്കുന്നത് വൻനഷ്ടമുണ്ടാക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.