കോട്ടയം: കണ്ടക്ടറോട് വഴക്കിട്ട് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽനിന്നും ഓട്ടത്തിനിടെ യുവാവ് ചാടിയിറങ്ങി. അതിവേഗത്തിൽ പാഞ്ഞ ബസിൽ യുവാവ് നടത്തിയ സാഹസികത ബസ് ജീവനക്കാരെയും യാത്രക്കാരെയും ഉൾപ്പെടെ ഭീതിയിലാഴ്ത്തി. തിരുവനന്തപുരം-കോട്ടയം കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ ചങ്ങനാശേരി തുരുത്തിയിലായിരുന്നു സംഭവം.
തിരുവല്ലയിൽനിന്നും ചങ്ങനാശേരിക്ക് ടിക്കറ്റെടുത്ത ഇരുപത്തിയഞ്ചുകാരൻ തുരുത്തിയിൽ ഇറങ്ങാൻ നടത്തിയ അഭ്യാസമാണ് യാത്രക്കാരെ ഭീതിയിലാഴ്ത്തിയത്. ചങ്ങനാശേരിക്ക് 13 രൂപ ടിക്കറ്റെടുത്ത യുവാവ് സ്റ്റാൻഡിൽ ബസ് എത്തിയിട്ടും ഇറങ്ങിയില്ല.
തുരുത്തി ഭാഗത്ത് ബസ് എത്തിയതോടെ ഇറങ്ങണമെന്ന് യുവാവ് വനിതാ കണ്ടക്ടറോട് ആവശ്യപ്പെട്ടു. എന്നാൽ സൂപ്പർ ഫാസ്റ്റിന് ചങ്ങനാശേരി കഴിഞ്ഞാൽ ചിങ്ങവനത്തു മാത്രമാണ് സ്റ്റോപ്പ് ഉള്ളതെന്ന് കണ്ടക്ടർ അറിയിച്ചു.ഇതോടെ കണ്ടക്ടറോട് തട്ടിക്കയറിയ യുവാവ് തനിക്ക് തുരുത്തിയിൽ ഇറങ്ങണമെന്ന് നിർബന്ധം പറഞ്ഞു.
ഇതോടെ ചങ്ങനാശേരി ടിക്കറ്റിൽ അധികദൂരം സഞ്ചരിച്ച യുവാവിന് കണ്ടക്ടർ 20 രൂപ ടിക്കറ്റ് നൽകി. തന്റെ പക്കൽ പണമില്ലെന്ന് പറഞ്ഞ യുവാവ് ബസിന്റെ പിന്നിലെ വാതിലിലേക്ക് ഓടുകയും ചെയ്തു. വാതിൽ തുറന്ന ഇയാൾ ഇപ്പോൾ ചാടുമെന്ന് ഭീഷണിമുഴക്കി. ബഹളം കേട്ട് ഡ്രൈവർ ബസ് വേഗത കുറച്ചതോടെ ഇയാൾ ചാടി ഇറങ്ങുകയും ചെയ്തു. അപകടരമായ വിധം വാതിൽ തുറന്നുപിടിച്ച് മിനിറ്റുകളോളമാണ് യുവാവ് യാത്രക്കാരെ ഭീതിയുടെ മുൾമുനയിൽനിർത്തിയത്.