ആലപ്പുഴ: സ്കൂൾ പ്രവൃത്തി ദിനങ്ങളിൽ പിഎസ് സി രാവിലെ നടത്തുന്ന പരീക്ഷ സ്കൂളുകളുടെ പ്രവർത്തനങ്ങളെ താളം തെറ്റിക്കുന്നതായി ആക്ഷേപം. കൂടുതൽ ഉദ്യോഗാർഥികൾ പങ്കെടുക്കുന്ന പരീക്ഷകൾ സാധരണ സ്കൂൾ അവധി ദിനമായ ശനിയാഴ്ചയാണ് നടത്തുന്നത്.
എന്നാൽ, ഉദ്യോഗാർഥികൾ കുറവുള്ള പരീക്ഷകൾ സ്കൂൾ പ്രവൃത്തി ദിനങ്ങളിൽ രാവിലെ 7.30 മുതൽ 9.15 വരെയാണ് നടത്തുന്നത്. മുന്പ് ആയിരം ഉദ്യോഗാർഥികൾ താഴെയുള്ള മത്സരപരീക്ഷകൾ മാത്രമാണ് സ്കൂൾ പ്രവൃത്തിദിനങ്ങളിൽ രാവിലെ നടത്തിയിരുന്നത്. എന്നാൽ, ഇപ്പോൾ അതിൽ കൂടുതൽ ഉദ്യോഗാർഥികൾ പങ്കെടുക്കുന്ന പരീക്ഷകളും രാവിലെ നടത്തുന്നതുമൂലം കൂടുതൽ സ്കൂളുകൾ കണ്ടെത്തേണ്ട അവസ്ഥയാണ്.
പലപ്പോഴും വിവിധ സ്കൂളിലെ ഇൻസ്ട്രക്ടർമാരായി എത്തുന്ന അധ്യാപകർക്കും ഇത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. പലപ്പോഴും പരീക്ഷ നടത്തിപ്പിനു തലേദിവസമാണ് പരീക്ഷ നടത്താൻ ഉദ്ദേശിക്കുന്ന സ്കൂളുകളെ പിഎസ്സി അധികൃതർ വിളിച്ചു പറയുന്നതും. ഇത് പലപ്പോഴും സ്കൂളിലെ പ്രവർത്തനങ്ങളെ താളം തെറ്റിക്കുന്നുവെന്ന ആക്ഷപം ശക്തമാണ്.