തൃശൂർ: കാറിന്റെ ഹോണടിച്ചതിന് എൻജിനീയറുടെ കൈ തല്ലിയൊടിക്കാൻ ക്വട്ടേഷൻ നൽകിയ ക്രിമിനൽ അഭിഭാഷകന്റെ മുൻകൂർ ജാമ്യഹർജി ജില്ലാ സെഷൻസ് കോടതി ഇന്നു പരിഗണിക്കും. പോലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുള്ളയാളാണ് അഭിഭാഷകൻ. അഭിഭാഷകന്റെ ക്വട്ടേഷൻ ഏറ്റെടുത്ത് എൻജിനിയറുടെ കൈ തല്ലിയൊടിച്ച ഗുണ്ടകളെ തൃശൂർ ചീഫ് ജുഡീഷൽ മജിസ്ട്രേട്ട് കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു.
പ്രതികളായ വലക്കാവ് മാഞ്ഞാമറ്റത്തിൽ സാബു വിൽസണ്(27), കേച്ചേരി പാറന്നൂർ കപ്ലേങ്ങാട് അജീഷ്(30) എന്നിവരെ ഒരാഴ്ച മുന്പാണ് തൃശൂർ ഈസ്റ്റ് പോലീസ് അറസ്റ്റുചെയ്തത്. കോടതി റിമാൻഡു ചെയ്തതിനാൽ ഇവർ ജയിലിലായിരുന്നു. ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് പോലീസ് നൽകിയ അപേക്ഷ സിജെഎം കോടതി അനുവദിക്കുകയായിരുന്നു.
കൂർക്കഞ്ചേരിയിലെ ഫ്ളാറ്റിൽ താമസിക്കുന്ന എൻജിനിയർ പുളിക്കത്തറ ഗിരീഷ് കുമാറിന്റെ കൈ ഗുണ്ട കൾ തല്ലി ഒടിക്കുക യായി രുന്നു. ശക്തൻ ബസ് സ്റ്റാൻഡിനടുത്ത ഷോപ്പിംഗ് മാളിൽനിന്നു മടങ്ങുന്പോൾ കാറിനു മുന്നിൽ മാർഗതടസമുണ്ടാക്കിയ അഭിഭാഷകന്റെ കാർ മാറ്റാൻ ഗിരീഷ് ഹോണ് നീട്ടിയടിച്ചു.
ഇതിനെതിരേ വെല്ലുവിളിച്ചാണ് അഭിഭാഷകൻ സ്ഥലംവിട്ടത്. ഗിരീഷ് ഫ്ളാറ്റിലെത്തിയതിനു പിന്നാലെ രണ്ടു ഗുണ്ടകൾ എത്തി ഫ്ളാറ്റിന്റെ പാർക്കിംഗ് സ്ഥലത്തുവച്ച് ഇരുന്പുവടികൊണ്ട് കൈ തല്ലിയൊടിക്കുകയായിരുന്നു. അഭിഭാഷകനാണ് ക്വട്ടേഷൻ തന്നതെന്ന് അറസ്റ്റിലായ പ്രതികൾ പോലീസിനു മൊഴി നൽകിയിരുന്നു.
പരിക്കേറ്റ എൻജിനീയറുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. വായ്പ തിരിച്ചടയ്ക്കാത്ത വാഹനങ്ങൾ ബ്ലേഡ് കന്പനികൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കുംവേണ്ടി ഗുണ്ടകളെ ഉപയോഗിച്ചു പിടിച്ചെടുക്കലാണു ഈ അഭിഭാഷകന്റെ പ്രധാന ജോലി. വിവിധ പോലീസ് സ്റ്റേഷനുകളിലെ കേസുകൾ പോലീസുകാരെ സ്വാധീനിച്ച് ഒതുക്കിത്തീർക്കുന്നതിൽ വിരുതനുമാണെന്ന് അഭിഭാഷകർതന്നെ ആരോപിക്കുന്നു.