കൊച്ചി: നടി ആക്രമണത്തിന് ഇരയായ സംഭവത്തിലെ ഗൂഢാലോചന കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപ് നലാംതവണയും ജാമ്യാപേക്ഷ സമർപ്പിച്ചു. വിചാരണ കോടതിയായ അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണു താരം ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. അഭിഭാഷകനായ ബി. രാമൻപിള്ളയുടെ ജൂണിയർ മുഖാന്തിരമാണു ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുള്ളത്. ഇതു രണ്ടാം തവണയാണു അങ്കമാലി കോടതിയിൽ താരം ജാമ്യഹർജി നൽകുന്നത്.
നേരത്തെ ഒരു തവണ അങ്കമാലി കോടതിയും രണ്ടു തവണ ഹൈക്കോടതിയും ദിലീപിന്റെ ജാമ്യം തള്ളിയിരുന്നു. പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു പറഞ്ഞാണു മുന്നുതവണയും ജാമ്യം നിരസിച്ചത്. ഈ ദിവസങ്ങളിൽ ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്ന സൂചനകൾ ലഭിച്ചിരുന്നു. ഇതിനിടെയാണു വളരെ നാടകീയമായി പ്രതിഭാഗം വിചാരണ കോടതിയിൽതന്നെ വീണ്ടും ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുള്ളത്.