കൊച്ചി: നടി ആക്രമണത്തിന് ഇരയായ സംഭവത്തിൽ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്ന സംവിധായകൻ നാദിർഷയെ കേസിൽ പ്രതിയോ സാക്ഷിയോ ആക്കിയേക്കുമെന്നു സൂചന. ഗൂഢാലോചന കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെ രക്ഷിക്കുന്നതിനായി നാദിർഷ പല തരത്തിൽ ശ്രമിച്ചെന്നാണു അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. കേസുമായി നേരിട്ട് ബന്ധമില്ലെങ്കിലും ചില കാര്യങ്ങൾ നാദിർഷയ്ക്കു വ്യക്തമായി അറിയാമെന്നും സംഘം വിശ്വസിക്കുന്നു. നേരിട്ട് ബന്ധമില്ലാത്തതിനാലാണു നാദിർഷയെ ഇതുവരെ അറസ്റ്റ് ചെയ്യാത്തത്.
കേസിലെ പ്രധാന പ്രതിയായ സുനിൽ കുമാറിനു (പൾസർ സുനി) നാദിർഷ പണം കൈമാറിയതു സംബന്ധിച്ച് അന്വേഷണ സംഘം നേരത്തെതന്നെ കണ്ടെത്തിയിരുന്നുവെന്നാണു വിവരം. ഇതിനു സാക്ഷികളായവരെ സംബന്ധിച്ചുള്ള വിവരങ്ങളും അന്വേഷണ സംഘത്തിന്റെ പക്കലുണ്ട്. ദിലീപ് അറിയിച്ചതനുസരിച്ചാണെങ്കിലും പണം കൈമാറിയത് എന്തിനാണെന്നു നാദിർഷയ്ക്ക് അറിവുണ്ടായിരുന്നില്ലെന്നാണു സൂചന.
ഇതിലെല്ലാം വ്യക്തതവരുത്തുന്നതിനായാണു സംഘം നാദിർഷയെ വീണ്ടും ചോദ്യം ചെയ്യുക. വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകാൻ സംഘം ആവശ്യപ്പെട്ടതിനെത്തുടർന്നു നാദിർഷ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി നാളെ രാവിലെ പത്തിന് ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
ചോദ്യം ചെയ്തതിനുശേഷം ഇതുസംബന്ധിച്ച റിപ്പോർട്ട് സംഘം ഹൈക്കോടതിയിൽ സമർപ്പിക്കും. നാദിർഷ ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെങ്കിൽ അറസ്റ്റ് ചെയ്യണമെന്ന നിലപാടാകും സംഘം സ്വീകരിക്കുക. കേസിൽ സാക്ഷിയാകാൻ നാദിർഷ ഒരുങ്ങിയില്ലെങ്കിൽ പ്രതിയാക്കിയേക്കുമെന്നാണു വിവരം.
എന്നാൽ, ഇതുസംബന്ധിച്ച് വ്യക്തത നൽകാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല. ദിലീപിന്റെ ഉറ്റ സുഹൃത്തായ നാദിർഷ സാക്ഷിയായാൽ അതു കേസിന് ബലമേകും. ഇതിനാലാണു കേസിന്റെ അവസാനഘട്ടത്തിൽ നാദിർഷയെ വീണ്ടും ചോദ്യം ചെയ്യാൻ സംഘം ഒരുങ്ങുന്നത്. നാദിർഷ പണം നൽകിയതു സംബന്ധിച്ച സുനിയുടെ മൊഴി കഴിഞ്ഞ ദിവസമാണു പുറത്തുവന്നിരുന്നത്.
അതേസമയം, കേസിൽ അന്വേഷണം നീളുന്നതിനെതിരേ ഹൈക്കോടതിയുടെ വാക്കാലുള്ള വിമർശനം അന്വേഷണ സംഘത്തെ വല്ലാതെ കുഴയ്ക്കുന്നുണ്ട്. കേസിന്റെ ആദ്യഘട്ടം മുതൽ പല കോണുകളിൽനിന്നും വിമർശനങ്ങൾ നേരിട്ടപ്പോഴും കോടതിയുടെ നിരീക്ഷണങ്ങളാണു സംഘത്തിന് ഉൗർജം നൽകിയിരുന്നത്.
ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയതും പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു കോടതി നിരീക്ഷിച്ചതും കേസ് അന്വേഷണം ശരിയായ ദിശയിലാണെന്ന ധാരണ ഉടലെടുക്കാൻ കാരണമായിരുന്നു. എന്നാൽ, ഇന്നലെ നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച കോടതി അന്വേഷണ സംഘത്തെ വാക്കാൽ വിമർശിക്കുന്നതാണ് കാണാൻ സാധിച്ചത്. ഇതു കേസിൽ മൂന്നാമതും ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകാനൊരുങ്ങുന്ന ദിലീപിന്റെ പ്രതീക്ഷയേകുന്നതാണ്. അന്വേഷണ സംഘത്തിനെതിരെയുള്ള വിമർശനം തനിക്കു ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് താരം.