സ്വന്തം ലേഖകൻ
കൊടകര: പ്രമേഹരോഗിയാണോ? ആണെങ്കിൽ ചികിത്സയും വ്യായാമവും ഉടനേ തുടങ്ങണം. പ്രമേഹരോഗ പരിശോധനയ്ക്കു നിങ്ങൾക്കു മുന്നിൽ സഹൃദയ എൻജിനിയറിംഗ് കോളജിന്റെ നീലനിറമുള്ള വാഹനം എത്തിയാൽ അദ്ഭുതപ്പെടേണ്ട. സിറിഞ്ച് ഉപയോഗിക്കാതെയും രക്തം കുത്തിയെടുക്കാതെയും പ്രമേഹം പരിശോധിക്കാവുന്ന സംവിധാനവുമായാണ് ഈ വാഹനം എത്തുന്നത്.
തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യുന്ന ഈ പദ്ധതിയുടെ ലക്ഷ്യം വെറും പ്രമേഹ പരിശോധനയല്ല. പ്രമേഹ പരിശോധനയ്ക്കും തുടർചികിത്സയ്ക്കും കൂടുതൽ ഫലപ്രദവും ചെലവു കുറഞ്ഞതുമായ സംവിധാനം വികസിപ്പിച്ചെടുക്കുകയാണു സഹൃദയ എൻജിനിയറിംഗ് കോളജിന്റെ ലക്ഷ്യം. കോളജിലെ ബയോ മെഡിക്കൽ എൻജിനിയറിംഗ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ഇതിനുള്ള പഠനങ്ങളും ഗവേഷണങ്ങളും നടക്കുമെന്നു സഹൃദയ എൻജിനിയറിംഗ് കോളജ് ഡയറക്ടർ റവ.ഡോ.ജോസ് കണ്ണൻ പുഴ പറഞ്ഞു.
കിടക്കനിർമാതാക്കളായ ഡ്യുറോഫ്ളെക്സിന്റെ സാമൂഹ്യ സേവന പദ്ധതിയുടെ ഭാഗമായാണു പദ്ധതി നടപ്പാക്കുന്നത്. പരിശോധനയ്ക്കുള്ള സജ്ജീകരണങ്ങളുമായി ബാറ്ററി കാറിലാണു യാത്ര. കോളജിലെ വിദ്യാർഥികളും ആരോഗ്യ ശുശ്രൂഷകനും കാറിലുണ്ടാകും. പരിശോധിക്കാനുള്ള ആധുനിക ഉപകരണങ്ങളും കാറിലുണ്ട്.
പ്രമേഹ രോഗമുണ്ടെന്നു കണ്ടെത്തുന്ന ഓരോരുത്തർക്കും രോഗം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണ നിയന്ത്രണം, വ്യായാമം എന്നിവ അടക്കമുള്ള മാർഗനിർദേശങ്ങൾ നൽകുന്ന മൊബൈൽ ആപ് സംവിധാനം ഒരുക്കും. ചാലക്കുടിയിലെ സന്നദ്ധ പ്രസ്ഥാനമായ അവാർഡിന്റേയും ലയണ്‍സ് ക്ലബ് ഓഫ് തൃശൂരിന്റേയും സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്.
പ്രമേഹ പരിശോധനയ്ക്കു ചെലവു കുറഞ്ഞതും ഫലപ്രദമായതുമായ ഉപകരണം വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണങ്ങളും ഇതോടെ ആരംഭിക്കും. ബയോ മെഡിക്കൽ എൻജിനിയറിംഗ് വിഭാഗം മേധാവി ഡോ. പ്രശാന്തിനാണു പദ്ധതിയുടെ മേൽനോട്ടം. ഗവേഷണത്തിനും ഉപരിപഠനത്തിനും പണം കണ്ടെത്താൻ കൃത്രിമക്കാലുമായി മാരത്തണ്‍ ഓട്ടം നടത്തിയ ശ്രീകേഷിന്റെ നേതൃത്വത്തിലാണു ഗവേഷണം പുരോഗമിക്കുക.
ബസപകടത്തിൽ ഒരു കാൽ നഷ്ടപ്പെട്ട 29 വയസുള്ള പിഎച്ച്ഡി ഗവേഷകനാണു ശ്രീകേഷ്. പൊള്ളലേറ്റ ശരീരഭാഗം അതിവേഗത്തിൽ സുഖം പ്രാപിക്കാൻ സഹായിക്കുന്ന ഡ്രസിംഗ് മറ്റീരിയൽ വികസിപ്പിക്കാനുള്ള ഗവേഷണമാണ് ലക്ഷ്യം. ഇതിനു സഹൃദയ എൻജിനിയറിംഗ് കോളജിൽ സൗകര്യങ്ങൾ നൽകും. ജൂബിലി മിഷൻ ആശുപത്രിയിലെ തീപ്പൊള്ളൽ ചികിത്സാവിഭാഗത്തിലെ ഡോക്ടർമാരുടെ പിന്തുണയോടെയാണു ഗവേഷണം.
ശ്രീകേഷിന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള പണം ഡ്യൂറോഫ്ളെക്സ് നൽകും. ജൂബിലി മിഷൻ ആശുപത്രിയിൽ നവജാത ശിശുക്കൾക്കു മഞ്ഞപ്പിത്തം ബാധിച്ചാൽ കൂടുതൽ ഫലപ്രദവും ചെലവു കുറഞ്ഞതുമായ ചികിത്സ നൽകുന്നതിനു “ജോണ്ടിസ് ബ്ലാങ്കറ്റ്’ ഡ്യുറോഫ്ളെക്സ് സമ്മാനിച്ചിട്ടുണ്ട്. സഹൃദയ എൻജിനിയറിംഗ് കോളജിൽ നടന്ന ചടങ്ങിൽ ഡ്യൂറോഫ്ളക്സ് ചെയർമാൻ ജോർജ് മാത്യുവും കോളജ് ഡയറക്ടർ റവ.ഡോ.ജോസ് കണ്ണന്പുഴയും പദ്ധതിയെക്കുറിച്ചു വിശദീകരിച്ചു. ഡയറക്ടർ ബോർഡംഗങ്ങളും രണ്ടായിരത്തോളം വിദ്യാർഥികളും പങ്കെടുത്തു.