ദുൽഖർ സൽമാൻ തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന സിനിമയാണ് മഹാനദി. മുൻകാല നടി സാവിത്രിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിൽ സാവിത്രിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കീർത്തി സുരേഷാണ്.
ശരീരഭാരം കൂട്ടിയും മറ്റും സിനിമയ്ക്ക് വേണ്ടിയുള്ള മുന്നൊരുക്കങ്ങളെല്ലാം നടി നടത്തുന്നുണ്ട്. അതിനിടെ സോഷ്യൽ മീഡിയയിലൂടെ കീർത്തിയുടെ ഒരു ചിത്രം വൈറലായി മാറിയിരുന്നു. പട്ടുസാരിയുടുത്ത് പൊട്ടു തൊട്ടു വലിയ കമ്മലും മാലയും ധരിച്ച് നിൽക്കുന്ന കീർത്തിയുടെ ചിത്രം കണ്ടപ്പോൾ സാവിത്രിയുടെ ലുക്കാണെന്ന് പലരും തെറ്റിധരിച്ചിരുന്നു.
എന്നാൽ ആ ചിത്രത്തിന്റെ സത്യാവസ്ഥ തുറന്നുപറഞ്ഞ് കീർത്തി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മഹാനദിയിലെ ലുക്ക് ഇതല്ലെന്നും താൻ ഒരു പ്രമുഖ വസ്ത്ര സ്ഥാപനത്തിന് നൽകിയ പരസ്യത്തിലെ ചിത്രമാണെന്നുമാണ് കീർത്തി പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു ചിത്രം പങ്കുവെച്ച് കീർത്തി ഇക്കാര്യം വ്യക്തമാക്കിയത്. മഹാനദിയിലെ ചിത്രങ്ങളൊന്നും അടുത്തൊന്നും പുറത്ത് വന്നിട്ടില്ല.
മഹാനദിയിൽ തമിഴ് സൂപ്പർ സ്റ്റാറും സാവിത്രിയുടെ ഭർത്താവുമായിരുന്ന ജെമിനി ഗണേശന്റെ വേഷത്തിലാണ് ദുൽഖർ സൽമാൻ അഭിനയിക്കുന്നത്.