മോഹൻലാൽ-മമ്മൂട്ടി സൂപ്പർ താര ചിത്രങ്ങൾക്ക് ഇടവേള നൽകി യുവതാര ചിത്രമായി എത്തുകയാണ് രഞ്ജിത്. മണിയൻപിള്ള രാജുവിന്റെ മകനായ നിരഞ്ജാണ് രഞ്ജിത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായകനാകുന്നത്. ലണ്ടൻ പ്രധാന ലൊക്കേഷനാകുന്ന ചിത്രത്തിൽ അനു സിത്താര നായികയാകും. ഇരുവരും ആദ്യമായിട്ടാണ് ഒരു രഞ്ജിത് ചിത്രത്തിൽ വേഷമിടുന്നത്. അച്ചായൻസിന് ശേഷം സേതു തിരക്കഥ എഴുതുന്ന ചിത്രം കൂടെയാണിത്.
മറ്റൊരാളുടെ തിരക്കഥയിൽ രഞ്ജിത് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത രാമന്റെ ഏദൻതോട്ടത്തിലെ അനു സിത്താരയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. 2013ൽ ബ്ലാക്ക് ബട്ടർഫ്ളൈസിലൂടെയാണ് നിരഞ്ജ് സിനിമയിലെത്തുന്നത്. നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായിരുന്നു അത്. ബോബി എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് നായകനായി അരങ്ങേറിയത്. മിയയായിരുന്നു ചിത്രത്തിലെ നായിക.