സിപിഎമ്മില്‍ ഏറ്റവുമധികം വിഭാഗീയത നിലനില്‍ക്കുന്ന ജില്ലകളിലൊന്നാണ് ഇടുക്കി. ഇത്തവണ പക്ഷേ വിഭാഗീയതയുടെ പേരിലല്ല ജില്ലയിലെ പാര്‍ട്ടിക്കാര്‍ക്കിടയില്‍ ഭിന്നത ഉണ്ടായിരിക്കുന്നത്. ഒരു വാട്‌സപ്പ് വീഡിയോയാണ് കാരണം. സംഭവം എന്താണെന്നുവച്ചാല്‍ സിപിഐഎം നേതാക്കളും ജനപ്രതിനിധികളും അംഗങ്ങളും മാത്രമുള്ള ഔദ്യോഗിക വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ സിഐടിയു പ്രവര്‍ത്തകന്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തു. സ്ത്രീകളടക്കമുള്ള ഗ്രൂപ്പില്‍ പോണ്‍വീഡിയോ ഇട്ട പാര്‍ട്ടി അംഗത്തിനെതിരേ രൂക്ഷമായ വിമര്‍ശനങ്ങളാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നുയരുന്നത്. വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ അംഗങ്ങളെ റിമൂവ് ചെയ്ത്, അഡ്മിന്‍ തലയൂരാന്‍ ശ്രമിച്ചെങ്കിലും പാര്‍ട്ടിക്കാര്‍ക്കിടയില്‍ സംഭവം ചര്‍ച്ചയായി.
ഇടുക്കിയിലെ ഏരിയ കമ്മിറ്റിയുമായി ബന്ധപ്പെട്ട ഗ്രൂപ്പിലാണ് പോണ്‍ വീഡിയോ സ്ഥാനം പിടിച്ചത്. പാര്‍ട്ടി ഓഫീസ് സെക്രട്ടറിയാണ് ഗ്രൂപ്പിന്റെ അഡ്മിന്‍. പാര്‍ട്ടി കാര്യങ്ങളും നാട്ടിലെ കാര്യങ്ങളുമൊക്കെയായി മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്ന ഗ്രൂപ്പില്‍ നിരവധി സ്ത്രീകളുമുണ്ടായിരുന്നു. വീഡിയോ വന്നതോടെ പലരും ഗ്രൂപ്പില്‍ നിന്ന് ലെഫ്റ്റ് ചെയ്തു. കൂടുതല്‍ പേര്‍ വിവരമറിയാതിരിക്കാന്‍ അഡ്മിന്‍, ബാക്കിയുള്ളവരെ റിമൂവ് ചെയ്ത് ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു. പുറത്താക്കിയതിന്റെ കാരണം പലരും അന്വേഷിച്ചതോടെയാണ് അശ്ലീലവീഡിയോയുടെ കാര്യം പുറത്തറിഞ്ഞത്. അതേസമയം ഒരു വനിതാ പഞ്ചായത്തംഗം, വീഡിയോ പോസ്റ്റ് ചെയ്തയാള്‍ക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്. പോലീസില്‍ കേസ് നല്കാന്‍ ഒരുങ്ങുകയാണ് ഒരു കൂട്ടരെന്നാണ് സൂചന.