കൊച്ചി: അന്ധർക്കായുള്ള രാജ്യത്തെ പ്രഥമ ഫുട്ബോൾ അക്കാദമി കടവന്ത്ര-വൈറ്റില ബണ്ട് റോഡിലുള്ള ജോഗോ ഫുട്ബോൾ അരീനയിൽ ഇന്നു പ്രവർത്തനമാരംഭിക്കും. ഉദ്ഘാടനം വൈകുന്നേരം നാലിനു ലോക ബ്ലൈൻഡ് ഫുട്ബോൾ ചെയർമാനായ ജർമൻ സ്വദേശി ഉൾറിക്ക് ഫിസ്റ്റർ നിർവഹിക്കും. അക്കാഡമിയിലേക്കുള്ള ആദ്യ അംഗത്വവിതരണം എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം നിർവഹിച്ചു.
ഇന്ത്യൻ ബ്ലൈൻഡ് ഫുഡ്ബോൾ ഫെഡറേഷൻ സ്പോർട്ടിംഗ് ഡയറക്ടർ സുനിൽ ജെ. മാത്യു, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. റോബി കണ്ണൻചിറ, എസ്ആർവിസി പ്രോജക്ട് ഡയറക്ടർ എം.സി. റോയി എന്നിവരോടൊപ്പം കളിക്കാരായ പങ്കജ് റാണ (ഉത്തരാഖണ്ഡ്), സി.എസ്. ഫൽഹാൻ (കേരളം), ഗബ്രിയേൽ, കിലിംഗ് (മേഘാലയ), ധർമറാം (രാജസ്ഥാൻ) എന്നിവരും പങ്കെടുത്തു.
കേരളത്തിൽനിന്നുള്ള ദേശീയ താരം ഫൽഹാനാണ് ആദ്യ അംഗത്വം നേടിയത്. ഫൽഹാനൊപ്പം നാലു പേർകൂടി അംഗത്വമെടുത്തു. കളിക്കാരോട് ആശയവിനിമയം നടത്തിയ ശേഷം അവരോടൊപ്പം ഫുട്ബോൾ തട്ടി ആശംസകൾ നേർന്നാണു മന്ത്രി മടങ്ങിയത്. ഒളിന്പിക്സിൽ കളിക്കുകയാണ് ലക്ഷ്യമെന്നു താരങ്ങൾ പറഞ്ഞു.