കൊച്ചി: കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസിൽ നടനും സംവിധായകനുമായ നാദിർഷ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി. ആലുവ പോലീസ് ക്ലബിലാണ് നാദിർഷ ഹാജരായത്.
കേസിലെ പ്രധാന പ്രതിയായ സുനിൽ കുമാറിനു (പൾസർ സുനി) നാദിർഷ പണം കൈമാറിയതു സംബന്ധിച്ച് അന്വേഷണ സംഘം നേരത്തെതന്നെ കണ്ടെത്തിയിരുന്നുവെന്നാണു വിവരം. ഇതിനു സാക്ഷികളായവരെ സംബന്ധിച്ചുള്ള വിവരങ്ങളും അന്വേഷണ സംഘത്തിന്റെ പക്കലുണ്ട്. ദിലീപ് അറിയിച്ചതനുസരിച്ചാണെങ്കിലും പണം കൈമാറിയത് എന്തിനാണെന്നു നാദിർഷയ്ക്ക് അറിവുണ്ടായിരുന്നില്ലെന്നാണു സൂചന.
ഇതിലെല്ലാം വ്യക്തതവരുത്തുന്നതിനായാണു സംഘം നാദിർഷയെ വീണ്ടും ചോദ്യം ചെയ്യുക. വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകാൻ സംഘം ആവശ്യപ്പെട്ടതിനെത്തുടർന്നു നാദിർഷ നൽകിയ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി പരിഗണിച്ചിരുന്നു. ഇതിനു ശേഷം വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകാൻ കോടതി ഉത്തരവിടുകയായിരുന്നു.
ചോദ്യം ചെയ്തതിനുശേഷം ഇതുസംബന്ധിച്ച റിപ്പോർട്ട് സംഘം ഹൈക്കോടതിയിൽ സമർപ്പിക്കും. നാദിർഷ ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെങ്കിൽ അറസ്റ്റ് ചെയ്യണമെന്ന നിലപാടാകും സംഘം സ്വീകരിക്കുക. കേസിൽ സാക്ഷിയാകാൻ നാദിർഷ ഒരുങ്ങിയില്ലെങ്കിൽ പ്രതിയാക്കിയേക്കുമെന്നാണു വിവരം. എന്നാൽ, ഇതുസംബന്ധിച്ച് വ്യക്തത നൽകാൻ അന്വേഷണ സംഘം തയാറായിട്ടില്ല.
ദിലീപിന്റെ ഉറ്റ സുഹൃത്തായ നാദിർഷ സാക്ഷിയായാൽ അതു കേസിന് ബലമേകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ഇതിനാലാണു കേസിന്റെ അവസാനഘട്ടത്തിൽ നാദിർഷയെ വീണ്ടും ചോദ്യം ചെയ്യാൻ സംഘം ഒരുങ്ങുന്നത്. നാദിർഷ പണം നൽകിയതു സംബന്ധിച്ച സുനിയുടെ മൊഴി കഴിഞ്ഞ ദിവസമാണു പുറത്തുവന്നിരുന്നത്.