സോപ്പ് വില്‍ക്കാനെന്ന വ്യാജേന വീട്ടിലെത്തി വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ച് രക്ഷപെടാന്‍ ശ്രമിച്ച യുവതിയെ നാട്ടുകാരും പോലീസും ചേര്‍ന്ന് പിടികൂടി. തൃക്കൊടിത്താനം പൊട്ടശേരി മുക്കാഞ്ഞിരത്തില്‍ മഞ്ജു (28) ആണ് പിടിയിലായത്. ഇന്നലെ വൈകുന്നേരം മുക്കാട്ടുപടി കടന്തോട്ട് മറിയാമ്മ(52)യുടെ മൂന്ന് പവന്‍റെ സ്വര്‍ണമാലയാണ് ഇവര്‍ പൊട്ടിച്ചെടുത്ത് ഓടിയത്.
സോപ്പ് വില്‍ക്കാനെന്ന വ്യാജേനയാണ് ഇവര്‍ വീട്ടിലെത്തിയത്. തുടര്‍ന്ന് ബാത്ത്‌റൂമില്‍ പോകണമെന്നു പറഞ്ഞു. തിരികെ വന്ന മഞ്ജു കുടിക്കാന്‍ വെള്ളം വേണമെന്നും വിശക്കുന്നതിനാല്‍ കഴിക്കാന്‍ ആഹാരം വേണമെന്നും പറഞ്ഞു. ആഹാരം എടുക്കാന്‍ പോയ മറിയാമ്മയുടെ പിന്നില്‍ നിന്ന് മാല പറിച്ചെടുത്ത് മഞ്ജു ഓടുകയായിരുന്നു. മറിയാമ്മ ബഹളം വെച്ചതിനെത്തുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാര്‍ മഞ്ജുവിന് പിന്നാലെ ഓടി. വിവരം അറിഞ്ഞ് പോലീസും സ്ഥലത്തെത്തിയതോടെ യുവതി കുടുങ്ങുകയായിരുന്നു. യുവതിയെ എസ്‌ഐ റിച്ചാര്‍ഡ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരുന്നു.