അനിൽ തോമസ്
കൊച്ചി: കേരളത്തിലെ റെയിൽ പാളങ്ങൾ അതീവ അപകടാവസ്ഥയിൽ. തിരുവനന്തപുരം ഡിവിഷനു കീഴിൽ ഷൊർണൂർ മുതൽ തിരുവനന്തപുരം വരെ അഞ്ഞൂറിലേറെ ഇടങ്ങളിൽ റെയിലുകളിൽ അപകടകരമാം വിധം വിള്ളലുകളുണ്ടെന്നാണു റിപ്പോർട്ട്. 40 ശതമാനം പാളങ്ങളും ട്രെയിനുകളെ വഹിക്കാൻ ശേഷിയില്ലാത്തവിധം കാലപ്പഴക്കത്തിൽ ക്ഷയിച്ചവയാണെന്നും പെർമനന്റ് വേ ഇൻസ്പെക്ടിംഗ് (പിഡബ്ല്യുഐ) വിഭാഗം ഒരു വർഷത്തിനിടെ നടത്തിയ പരിശോധനാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇരു വരികളിലായി അറുനൂറിലേറെ കിലോമീറ്റർ വരുന്ന തിരുവനന്തപുരം- ഷൊർണൂർ പാതയിൽ പകുതിയിലേറെ റെയിലും അപകടാവസ്ഥയിലാണ്. ഭാരം വഹിക്കാൻ ശേഷിയില്ല എന്നതിനു പുറമേ പാളത്തിലെ വിള്ളലുകളും തേയ്മാനവും സ്ഥിതി ഗുരുതരമാക്കുന്നു. ബുധനാഴ്ചയും ഇന്നലെയുമായി തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം സെഷനുകളിലായി അൻപതിലേറെ സ്ഥലങ്ങളിലാണു വിള്ളലുകൾ റിപ്പോർട്ട് ചെയ്തത്. അരൂർ പാലത്തിൽ മാത്രം 20 വിള്ളലുകൾ കണ്ടെത്തി.
വള്ളത്തോൾ-വടക്കാഞ്ചേരി, ചാലക്കുടി-ഇരിങ്ങാലക്കുട, മുളങ്കുന്നത്തുകാവ്, ഇരുന്പനം യാർഡുകൾ എന്നിവിടങ്ങളിലും വിള്ളലുകൾ റിപ്പോർട്ട് ചെയ്തു. ചരക്കുമായി പോയ തീവണ്ടി ഇരുന്പനം യാർഡിൽ പാളം തെറ്റിയ സംഭവവും കഴിഞ്ഞ ദിവസമുണ്ടായി.പാളത്തിൽ എവിടെയൊക്കെ വിള്ളലുകളുണ്ടെന്നു കൃത്യമായി അറിവുണ്ടായിട്ടും വേണ്ട സമയത്തു പരിഹരിക്കാത്തതാണ് അപകടങ്ങൾ ആവർത്തിക്കാൻ കാരണം. റിപ്പോർട്ടിന്റെ ഗൗരവം മനസിലാക്കി പ്രവർത്തിച്ചിരുന്നെങ്കിൽ അങ്കമാലിക്കടുത്തു കറുകുറ്റിയിലെ ട്രെയിൻ അപകടം ഒഴിവാക്കാമായിരുന്നു.
കാലപ്പഴക്കം ചെന്ന റെയിലുകൾ മാറ്റണമെന്ന പിഡബ്ല്യുഐ വിഭാഗത്തിന്റെ റിപ്പോർട്ട് അവഗണിച്ചതാണ് അപകടത്തിനിടയാക്കിയത്. അപകടം നടന്ന് ഒരു വർഷത്തിലേറെയായിട്ടും അറ്റകുറ്റപ്പണി പൂർത്തിയായിട്ടുമില്ല. റെയിൽവേയുടെ നിയമമനുസരിച്ചു പിഡബ്ല്യുഐ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്ന പ്രശ്നങ്ങൾ മൂന്നു ദിവസത്തിനുള്ളിൽ പരിഹരിക്കണം.
എന്നാൽ, സുരക്ഷയേക്കാളേറെ സമയ കൃത്യതയ്ക്കു പ്രധാന്യം നൽകുന്ന ഉദ്യോഗസ്ഥർ അതൊക്കെ കണ്ണടച്ചുവിടുകയാണ്. റിപ്പോർട്ട് പറയും പ്രകാരം അറ്റകുറ്റപ്പണികൾക്കിറങ്ങിയാൽ ട്രെയിൻ ഗതാഗതം നിർത്തിവയ്ക്കേണ്ടിവരും. അതിനു റെയിൽവേ തയാറല്ല. പകരം ഇത്തരം സ്ഥലങ്ങളിൽ വേഗം കുറച്ചു പരമാവധി ട്രെയിൻ ഓടിക്കുകയാണു രീതി. ഇതു പ്രശ്നം കൂടുതൽ വഷളാക്കുകയാണ്.
അനുവദനീയമായതിലും കൂടുതൽ ട്രെയിനുകൾ ഓടിക്കേണ്ടിവരുന്നതും പാളങ്ങൾ അപകടത്തിലാകാൻ കാരണമാകുന്നുണ്ട്. തിരുവനന്തപുരം ഡിവിഷനിൽ മാത്രം 24 മണിക്കൂറിനിടെ 115 തീവണ്ടികൾ വരെ ഓടുന്നുണ്ട്. പരമാവധി 80 തീവണ്ടികൾ ഓടാൻ അനുവാദമുള്ളയിടത്താണിത്. തുടർച്ചയായി ട്രെയിനുകൾ ഓടുന്പോൾ പാളങ്ങൾക്കു തേയ്മാനവും വിള്ളലുകളും ഉണ്ടാകും. ഇത്തരം പാളങ്ങൾ കാലാകാലങ്ങളിൽ മാറ്റി സ്ഥാപിക്കുകയും വേണം.
കഴിഞ്ഞ ഒരു വർഷത്തിനിടെ 180 കിലോമീറ്ററിൽ പാളങ്ങൾ മാറ്റി സ്ഥാപിക്കണമെന്നു പിഡബ്ല്യുഐ റിപ്പോർട്ട് നൽകിയിട്ടും ഇതുവരെ മാറ്റിയതാകട്ടെ 50 കിലോമീറ്ററിൽ താഴെ. റെയിൽവേയുടെ അലംഭാവത്തിനു പുറമേ കരാറുകാർക്കു റെയിൽ എത്തിച്ചുകൊടുക്കാത്തതും പണി വൈകാൻ കാരണമായി.
ത്യശൂർ, ചാലക്കുടി, ആലുവ, എറണാകുളം, കോട്ടയം, മാവേലിക്കര, ആലപ്പുഴ, കൊല്ലം, വർക്കല സെക്ഷനുകളിലായി റെയിൽ മാറ്റുന്നതിന് 70 കോടി രൂപയുടെ ടെൻഡറുകൾ നൽകിയിട്ടും മിക്കയിടത്തും സ്ലീപ്പറുകളോ റെയിലുകളോ നൽകിയിട്ടില്ലെന്നാണ് കരാറുകാരുടെ പരാതി. ഇതോടൊപ്പം നടക്കേണ്ട 52 കിലോയുടെ റെയിലുകൾ മാറ്റി 60 കിലോ റെയിലുകൾ സ്ഥാപിക്കുന്ന പണികളും റെയിൽവേയുടെ അലംഭാവംമൂലം ഇഴയുകയാണ്.