പി. ജയകൃഷ്ണൻ
കണ്ണൂർ: ഭീകര സംഘടനയായ ഐഎസിൽ നൂറു കണക്കിന് മലയാളികൾ എത്തിയതായി വാർത്തകളുണ്ടെങ്കിലും 70 മലയാളികളെക്കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് വ്യക്തമായ സൂചന ലഭിച്ചതായി അറിയുന്നു. ഇതിനകം ഇവരിൽ 15 മലയാളികൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല. കഴിഞ്ഞദിവസം സിറിയയിൽ മരിച്ച കണ്ണൂർ മുണ്ടേരി സ്വദേശി ഷജിൽ (35) എന്ന മനാഫ് ആണ് മരണമടഞ്ഞവരിൽ ഒടുവിലത്തെയാൾ.
വാട്സ് ആപ് പോലുള്ള സോഷ്യൽ മിഡിയ വഴി നാട്ടിലുള്ള ബന്ധുക്കൾക്ക് മരിച്ചതായ സന്ദേശം ലഭിക്കാറുണ്ടെങ്കിലും പുറത്തറിഞ്ഞാലുള്ള ഭയവും മറ്റും കാരണം ആരും ഇക്കാര്യം പറയാറില്ല. സിറിയയിലും അഫ്ഗാനിസ്ഥാനിലുമുണ്ടായ വിവിധ ഏറ്റുമുട്ടലുകളിലും ഡ്രോണ് ആക്രമണങ്ങളിലുമാണ് ഇവരിൽ പലരും കൊല്ലപ്പെട്ടതെന്നാണ് വിവരം. സിറിയയിലെ ഐഎസ് ക്യാന്പിൽ കഴിയുന്ന ഭാര്യ ഹാസിയ നാട്ടിലെ ബന്ധുക്കൾക്ക് അയച്ച ശബ്ദസന്ദേശത്തിലാണ് ഷജിൽ കൊല്ലപ്പെട്ടതായി അറിയുന്നത്.
എന്നാൽ ഔദ്യോഗികമായി ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല. എന്നാൽ തീവ്രവാദികൾക്ക് ഏറെ സ്വാധീനമുള്ള സിറിയ പോലുള്ള രാജ്യത്ത് നിന്ന് ഇത്തരം സ്ഥിരീകരണം ലഭിക്കില്ലെന്ന് ഉന്നത പോലീസ്, ഐബി ഉദ്യോഗസ്ഥർ പറയുന്നു. പലപ്പോഴും ഇത്തരം ശബ്ദ സന്ദേശങ്ങളും മറ്റും ചോർത്തിയെടുത്താണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങൾക്കും മറ്റും വിവരങ്ങൾ ലഭിക്കുന്നത്.
ആറുമാസം മുന്പ് ഭാര്യ ഹാസിയയ്ക്കും മൂന്നര വയസും ഒന്നര വയസമുള്ള രണ്ടുമക്കൾക്കുമൊപ്പം ദുബായ് വഴിയാണ് ഷജിൽ സിറിയയിലെത്തിയത്. കൂടാളി സ്വദേശി വി.കെ. ഷാജഹാനൊപ്പമാണ് ഷജിലും ഭാര്യയും സിറിയയിലേക്കു പോയത്. സിറിയയിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ തുർക്കി അതിർത്തിയിൽനിന്നും ഷാജഹാനെ തുർക്കി സൈനികർ പിടികൂടുകയും ഇന്ത്യയിലേക്ക് കയറ്റിവിടുകയുമായിരുന്നു. ഇയാൾ ഇപ്പോൾ തിഹാർ ജയിലിലാണുള്ളത്.
കേരളത്തിൽനിന്നുള്ള 17 പേർ ഐഎസിൽ ചേർന്നതായി ഇയാൾ എൻഐഎക്ക് അന്ന് മൊഴി നൽകിയിരുന്നു. ഐഎസിന്റെ കേരളാ ഘടകമായ അൻസാർ ഉൾ ഖലീഫ എന്ന പേരിലായിരുന്നു ഐഎസ് കേരളാ ഘടകത്തിന്റെ പ്രവർത്തനം. ഇവർ തയാറാക്കിയ ആക്രമണ പദ്ധതിയുടെ വിശദാംശങ്ങളും പുറത്ത് വരികയാണ്. ആക്രമണ പദ്ധതി, എത്ര പേർ ഐഎസിൽ എത്തി, പ്രവർത്തനം എങ്ങനെ തുടങ്ങിയ കാര്യങ്ങൾ സംഘടനയിലെ ഉന്നതർ വിലയിരുത്തും.
മതംമാറി ഐഎസിൽ ചേർന്ന എറണാകുളം സ്വദേശി മെറിൻ എന്ന മറിയം ഇസ് ലാമിക തീവ്രവാദത്തിന്റെ ബാലപാഠങ്ങൾ പഠിച്ചത് എറണാകുളത്തെ ഒരു ഇന്റർനാഷണൽ സ്കൂളിലെ ജോലിക്കിടയിലാണെന്ന് നേരത്തെ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഭർത്താവ് ബെൻസ്റ്റണ് എന്ന യഹ്യ നിർദേശ പ്രകാരമാണ് ഇവർ സ്കൂളിൽ ജോലിക്ക് എത്തിയത്. പിന്നീട് ഇവരുടെതന്നെ പറവൂരിലെ സ്കൂളിലും അധ്യാപികയായി. ഇവിടെവച്ചാണ് മെറിൻ ഇസ് ലാമിക തീവ്രവാദത്തിലേക്ക് മാറിയതും യഹ്യയോടൊപ്പം ഐഎസിലേക്ക് എത്തിയതെന്നുമാണ് കണ്ടെത്തൽ.
വിവാദ ഇസ് ലാമിക മതപ്രഭാഷകൻ സക്കിർ നായിക്കിന്റെ ഇസ് ലാമിക് റിസർച്ച് ഫൗണ്ടേഷനുമായി ബന്ധമുള്ളതാണ് ഈ ഇന്റർനാഷണൽ സ്കൂളെന്നും ആരോപണമുണ്ട്. ഐഎസിൽ ആളുകളെ എത്തിച്ച ഡോ. ഇജാസും റാഷിദും പീസ് ഇന്റർനാഷണൽ സ്കൂളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നവരാണെന്ന് പറയുന്നു. ഐഎസുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ആലുപ്പുഴ സ്വദേശി അടക്കം മൂന്ന് പേരെ എൻഐഎ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. സിഡി, ലാപ്ടോപ് ടക്കം നിരവധി രേഖകളും പിടിച്ചെടുത്തിരുന്നു. ആലുപ്പുഴ ചേർത്തല സ്വദേശി ആസിൽ ശിഹാബ്, കോയന്പത്തൂർ സ്വദേശികളായ അബ്ദുൾ റഹ്മാൻ, അബദുള്ള എന്നിവർ ഐഎസ് കേന്ദ്രങ്ങളുമായി ബന്ധട്ടതായാണ് വിവരം.
കണ്ണൂർ കനകമല തീവ്രവാദ കേസിന്റെ അന്വേഷണത്തിനിടയിലാണ് എൻഐഎയ്ക്ക് ഈ സന്ദേശങ്ങൾ ലഭ്യമായത്. ഐഎസിൽ ചേർന്നതായി നേരത്തെ കണ്ടെത്തിയ അഫ്ഘാനിസ്ഥാനിലുള്ള കാസർഗോഡ് സ്വദേശി അബ്ദുൾ റാഷിദുമായും ഇവർ സന്ദേശങ്ങൾ കൈമൈാറിയെന്നായിരുന്നു എൻഐഎയുടെ കണ്ടെത്തൽ. ഇതോടെ കൂടുതൽ മലയാളികൾ ഐഎസിൽ എത്തിയെന്ന വിവരത്തിന് കൂടുതൽ ശക്തി പകരുകയാണ്.