മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ എസ്ഡിപിഐ സ്ഥാനാർഥിയായി അഡ്വ. കെ.സി നസീർ മത്സരിക്കും. ജില്ലാ കമ്മിറ്റിയംഗമായ നസീർ തിരൂർ ബാറിലെ അഭിഭാഷകനാണ്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടക്കലിലും 2016ൽ തിരൂരങ്ങാടിയിലും മത്സരിച്ചിരുന്നു. ഹാദിയാ കേസ് നടത്തിപ്പിന്റെ മേൽനോട്ടം വഹിക്കുന്നത് നസീറാണ്.
എസ്.ഡി.പി.ഐ നേതാക്കൾ ഇന്നലെ മലപ്പുറത്ത് വാർത്താസമ്മേളനത്തിലാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. ആർഎസ്എസിനെതിരെ ചെറുത്തുനിൽപ്പിന്റെ രാഷ്ട്രീയം ശക്തിപ്പെടേണ്ട സന്ദർഭത്തിൽ എൽഡിഎഫ് സർക്കാർ ഒത്തുതീർപ്പിന്റെയും കീഴടങ്ങലിന്റെയും ലക്ഷണങ്ങളാണ് പ്രകടിപ്പിക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുൾ മജീദ് ഫൈസി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വോട്ടിനായി കോണ്ഗ്രസ് അവലംബിച്ച മൃദുഹിന്ദുത്വനയം സിപിഎമ്മും പിന്തുടരുന്നു. ന്യൂനപക്ഷ രക്ഷക്ക് ഏതെങ്കിലും ഒരു ചേരിയെ ആശ്രയിക്കണമെന്ന മുസ്ലിംലീഗ് നിലപാട് യഥാർഥ പ്രശ്നപരിഹാരത്തിൽ നിന്നുളള ഒളിച്ചോട്ടമാണ്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്നത് പി.കെ കുഞ്ഞാലിക്കുട്ടിയെ സഹായിക്കാനല്ല, നേരത്തെ രണ്ടുതവണ മത്സരിച്ചതും കുഞ്ഞാലിക്കുട്ടിക്ക് എതിരെയാണ്.
അന്നത്തെ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോഴെന്നതിനാലാണ് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ മനോജ്കുമാർ, റോയി അറയ്ക്കൽ, ജലീൽ നീലാന്പ്ര എന്നിവരും പങ്കെടുത്തു