മുടി വെട്ടുന്നതിൽ എന്തെങ്കിലും വ്യത്യസ്തത വേണമെന്ന് ആഗ്രഹമുണ്ടെങ്കിൽ പാക്കിസ്ഥാനിലേക്ക് വണ്ടികയറേണ്ടിവരും. പാക്കിസ്ഥാനിലെ ലാഹോറിൽ 15 വർഷമായി ബാർബർ തൊഴിൽ ചെയ്തു ജീവിക്കുകയാണ് സാദിഖ് അലി എന്ന മുപ്പത്തിമൂന്നുകാരൻ. ലോകത്ത് മറ്റൊരിടത്തുമില്ലാത്ത ഒരു പ്രത്യേകത ഇദ്ദേഹത്തിനുണ്ട്. മൂർച്ചയുള്ള 15 കത്രികകൾ ഒരേ സമയം ഉപയോഗിച്ചാണ് ഇദ്ദേഹം മുടിവെട്ടുന്നത്. സ്പൈസി ഹെയർ കട്ട് എന്നാണ് അദ്ദേഹം തന്നെ ഈ മുടിവെട്ടലിനെ വിശേഷിപ്പിക്കുന്നതിന്. 15 കത്രികകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും കാര്യമായ സമയലാഭമൊന്നും ലഭിക്കുന്നില്ല. ഒരാളുടെ തലമുടി വെട്ടാൻ കുറഞ്ഞത് 20 മിനിറ്റെങ്കിലുമെടുക്കും. 100 രൂപയാണ് കൂലി.
അഞ്ചു വർഷത്തെ പരിശീലനത്തിനൊടുവിലാണ് 15 കത്രികകളുപയോഗിച്ച് മുടിവെട്ടാൻ സാദിഖിന് സാധിച്ചത്. പ്രശസ്തരായ നിരവധിയാളുകൾ മുടിവെട്ടാൻ ഇദ്ദേഹത്തിന്റെ കടയിൽ എത്താറുണ്ട്. പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളായ ഉമർ അക്മൽ, സൊഹെയ്ൽ തൻവീർ, മുൻതാരങ്ങളായ യൂനിസ് ഖാൻ, ഇൻസമാം ഉൾ-ഹഖ് എന്നിവർ സാദിഖിന്റെ സ്ഥിരം കസ്റ്റമേഴ്സാണ്.