മുംബൈ: ഇന്ത്യയുടെ വിദേശനാണ്യ ശേഖരം ഇതാദ്യമായി 40,000 കോടി (നാനൂറു ബില്യൺ) ഡോളർ കടന്നു. സെപ്റ്റംബർ എട്ടിന് അവസാനിച്ച ആഴ്ചയിൽ 40,072.67 കോടി ഡോളർ (25,59,280 കോടി രൂപ) ആണു വിദേശനാണ്യ ശേഖരം. തലേ ആഴ്ചയേക്കാൾ 260 കോടി ഡോളർ അധികം.
ഓഹരി-കടപ്പത്ര വിപണികളിലേക്കും കന്പനികളിലേക്കും വലിയ തോതിൽ വിദേശനാണ്യം ഒഴുകിയെത്തുന്നതാണ് ഇതിനു കാരണം. രാജ്യത്തു കന്പനികൾ ഏറ്റെടുക്കുന്നതിനും പുതിയ കന്പനികളിൽ മുതൽമുടക്കുന്നതിനും വിദേശികൾ ഉത്സാഹിക്കുന്നുണ്ട്.റിക്കാർഡ് നിലവാരത്തിലാണു വിദേശനാണ്യ ശേഖരമെങ്കിലും ഒരു വർഷത്തെ ഇറക്കുമതിക്കു വേണ്ടത്ര തുകയില്ല അത്. ഇക്കൊല്ലം പ്രതീക്ഷിക്കുന്ന ഇറക്കുമതി 48,000 കോടി ഡോളറിനടുത്താണ്.
ചൈനയുടെ വിദേശനാണ്യശേഖരം 3,12,000 കോടി ഡോളറുണ്ട്. ഇതിനിടെ ഏപ്രിൽ-ജൂൺ ത്രൈമാസത്തിൽ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി 1,430 കോടി ഡോളർ (ജിഡിപിയുടെ 2.4 ശതമാനം) ആയി വർധിച്ചു. തലേവർഷം ഈ കമ്മി 40 കോടി ഡോളർ മാത്രമായിരുന്നു. 35 മടങ്ങായി കമ്മി. സ്വർണ ഇറക്കുമതി വർധിച്ചതും അതുവഴി വ്യാപാരകമ്മി വർധിച്ചതുമാണു കാരണം. കറന്റ് അക്കൗണ്ട് കമ്മി നാലു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലായി.
വായ്പയായും മറ്റുമുള്ള മൂലധന ഇടപാടുകൾ ഒഴിവാക്കിയുള്ള വിദേശ ഇടപാടുകളുടെ ബാക്കിപത്രമാണു കറന്റ് അക്കൗണ്ട്. ഇതു കമ്മിയാകുന്നതു രാജ്യത്തേക്കുള്ള വരവിനേക്കാൾ കൂടുതൽ പുറത്തേക്കുള്ള ചെലവാകുന്പോഴാണ്. കറന്റ് അക്കൗണ്ട് കമ്മി നികത്താൻ കടമായും മൂലധനനിക്ഷേപമായുമുള്ള വരവ് ഉപയോഗിക്കുന്നു.
ഏപ്രിൽ-ജൂണിൽ മൂലധന കണക്കുകൂടി ചേർത്തുള്ള അടവു ശിഷ്ടനില (ബാലൻസ് ഓഫ് പേമെന്റ്) 1,140 കോടി ഡോളറാണ്. ഇതു കാണിക്കുന്നതു രാജ്യത്തേക്കു മൂലധനമായും വായ്പയായും 2,500 കോടി ഡോളറിലധികം ഇക്കാലത്ത് എത്തിയെന്നാണ്. കടം പലിശ സഹിതം തിരിച്ചുകൊടുക്കേണ്ടതാണ്. മൂലധനനിക്ഷേപം എപ്പോൾ വേണമെങ്കിലും പിൻവലിക്കാം.
ഓഹരിവിപണിയിലെ നിക്ഷേപമായും കന്പനികളിലെ നേരിട്ടുള്ള നിക്ഷേപമായും ഇക്കാലയളവിൽ 1,970 കോടി ഡോളർ എത്തി. വിദേശ ഇന്ത്യക്കാർ 1,610 കോടി ഡോളർ നാട്ടിലെത്തിച്ചു.