കോട്ടയം: തമിഴ്നാട്ടുകാരനായ ജെസിബി ഡ്രൈവറെ തേടി വീടുവിട്ടിറങ്ങിയ 15കാരിയെ പോലീസ് കണ്ടെത്തി കോടതിയിൽ ഹാജരാക്കി മാതാപിതാക്കൾക്കൊപ്പം വിട്ടു. അയർക്കുന്നം സ്വദേശിനിയായ 15കാരിയാണു കഴിഞ്ഞ ദിവസം കാമുകനെ തേടി തമിഴ്നാട്ടിലേക്കു പോയത്.
ആറു മാസം മുന്‍പാണ് ജെസിബി ഡ്രൈവറായ യുവാവ് പത്താം ക്ലാസുകാരിയായ പെണ്‍കുട്ടിയുടെ വീടിനു സമീപം വാടകയ്ക്ക് താമസിക്കാനെത്തിയത്. ഫേസ്ബുക്കിലൂടെയും, വാട്സ്അപ്പിലൂടെയും ഇരുവരും അടുപ്പത്തിലായി. ഇതിനിടെ ജോലി നഷ്ടപ്പെട്ട യുവാവ് തമിഴ്നാട്ടിലേക്കു മടങ്ങി. പെണ്‍കുട്ടിയുമായുള്ള യുവാവിന്റെ ബന്ധവും ഇതോടെ താൽക്കാലികമായി അവസാനിച്ചു.
യുവാവിനെപ്പറ്റി വിവരമൊന്നും ലഭിക്കാതെ വന്നതോടെ ഇയാളെ തിരക്കി തമിഴ്നാട്ടിലേക്ക് പോകാൻ പെണ്‍കുട്ടി തീരുമാനിച്ചു. തുടർന്നു കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തി ബസിൽ കയറി തമിഴ്നാട്ടിലേക്കു പോകുകയായിരുന്നു. ഇതിനിടെ വീട്ടുകാർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ തന്നെ തിരക്കേണ്ടെന്നും താൻ തമിഴ്നാട്ടിലേക്കു പോകുകയാണെന്നും തറപ്പിച്ച് പറഞ്ഞു.
ഭയന്നു പോയ വീട്ടുകാർ ഈസ്റ്റ് സിഐ സാജു വർഗീസിനെ വിവരമറിയിച്ചു. തുടർന്നു സിഐയുടെ നിർദേശപ്രകാരം അയർക്കുന്നം എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം തമിഴ്നാട്ടിലേക്കു തിരിച്ചു. മൊബൈൽ ടവർ ലൊക്കേഷന്റെ അടിസ്ഥാനത്തിൽ പെണ്‍കുട്ടി തമിഴ്നാട്ടിലെ വെള്ളൂർ ബസ്സ്റ്റാൻഡിൽ നിൽക്കുന്നതായി കണ്ടെത്തി. കാമുകന്റെ വീട്ടിലേക്കു പോകാൻ ബസ് കാത്തു നിൽക്കുകയായിരുന്നു പെണ്‍കുട്ടി. പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തി കുട്ടിക്കൊണ്ടുപോരുകയായിരുന്നു.