അങ്കമാലി: ഓട്ടോറിക്ഷയോടൊപ്പം കത്തിക്കരിഞ്ഞ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പോലീസ്; സിനിമാ മേഖലയിൽ നിന്ന് ഭീഷണി ഉണ്ടെന്ന് പറഞ്ഞിരുന്നതായി ബന്ധുക്കൾ.ഇന്നലെ രാവിലെ പത്തോടെയാണ് സ്വന്തം ഓട്ടോറിക്ഷയോടൊപ്പം കത്തിക്കരിഞ്ഞ നിലയിൽ പീച്ചാനിക്കാട് പാലികുടത്ത് വീട്ടിൽ ജോസഫിന്റെ മകൻ ബിജു (35) വിന്റെ മൃതദേഹം കണ്ടെത്തിയത്.
ആളൊഴിഞ്ഞ റബർ തോട്ടത്തിനടുത്തായിരുന്നു സംഭവം. ഓട്ടോറിക്ഷ കത്തുന്നതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി തീയണച്ചപ്പോഴാണ് ഓട്ടോറിക്ഷയുടെ അടിയിൽ ബിജുവിന്റെ മൃതദേഹം കണ്ടത്. പൂർണമായും കത്തിക്കരിഞ്ഞ മൃതദേഹത്തിന്റെ അരയ്ക്ക് താഴെയുള്ള ഭാഗം ഓട്ടോറിക്ഷയുടെ അടിയിലായിരുന്നു.
ഓട്ടോറിക്ഷാ ഡ്രൈവർ ആ കുന്നതിന് മുൻപ് സിനിമാ മേഖലയിൽ വാഹനങ്ങൾ ഓടിക്കുന്ന ജോലിയായിരുന്നു ബിജുവിന്. മൂന്നു വർഷത്തോള്ളായി അതെല്ലാം നിറുത്തി ഓട്ടോറിക്ഷ വാങ്ങിയിട്ട്. ആ സമയത്ത് സിനിമാ മേഖലയുമായി ബന്ധപ്പെട്ട് എറണാകുളത്ത് ഒരു സത്രീയുടെ മരണത്തെ തുടർന്ന് തന്നെ ചിലർ ഭീഷണിപ്പെടുത്തിയിരുന്നതായും അവരിലാരൊക്കെയോ തന്നെ പിൻതുടരുന്നതായും ബിജുവിന് സംശയമുണ്ടായിരുന്നു.
ഇടക്കിടക്ക് മൊബൈൽ ഫോൺ നമ്പറുകൾ ബിജു മാറ്റാറുണ്ടായിരുന്നതായും ബന്ധുക്കൾ പറയുന്നു. മൃതദേഹം മുവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ഇന്നലെ രാത്രി പത്തോടെ സംസ്കരിച്ചു.