തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തിൽ നിന്നു കാണാതായ വജ്രമുത്തുകൾ കണ്ടെത്തി. ക്ഷേത്രത്തിനകത്ത് നിന്നുമാണ് വജ്രമുത്തുകൾ കണ്ടെത്തിയതെന്നാണ് ക്രൈംബ്രാഞ്ച് നൽകുന്ന വിവരം. വജ്രമുത്തുകൾ മോഷ്ടിക്കപ്പെട്ടതല്ലെന്നും അവ അടർന്ന് വീണതാകാമെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. വജ്രമുത്തുകൾ കണ്ടെത്തിയ വിവരം ഉൾപ്പെടെ ക്രൈംബ്രാഞ്ച് ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചു.
രണ്ട് മാലയിലെയും കുടയിലെയും വജ്രമുത്തുകളാണ് കാണാതായത്. വജ്രമുത്തുകൾ കാണാതായ വിവരം സൂപ്രീംകോടതിയെ അറിയിച്ചതിനെ തുടർന്ന് കോടതി നിർദേശാനുസരണമാണ് പോലീസ് അന്വേഷണം നടത്തിയത്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട് സുപ്രീംകോടതിക്ക് ഉടൻ കൈമാറും.
ക്ഷേത്രത്തിൽ നിന്നും വജ്രങ്ങൾ കാണാതായ വിവരം അമിക്കസ് ക്യൂറി സൂപ്രീംകോടതിയെ നേരത്തെ അറിയിച്ചിരുന്നു. ക്ഷേത്രം മാനേജറും വജ്രം കാണാതായ വിവരം കാട്ടി ഫോർട്ട് പോലീസിൽ നേരത്തെ പരാതി നൽകിയിരുന്നു. അമിക്കസ് ക്യൂറി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ എട്ട് വജ്രങ്ങൾ കാണാതായെന്നാണ് കോടതിയെ ധരിപ്പിച്ചിരുന്നത്. ലോക്കൽ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.