സിനിമ-സീരിയല്‍ രംഗത്തെ പ്രമുഖര്‍ക്കൊപ്പം പഠിച്ചവരുണ്ടോ ആ അനുഭവങ്ങള്‍ പങ്കുവെക്കാമോ എന്ന് റെഡ്ഡിറ്റില്‍ ഉയര്‍ന്ന ചോദ്യത്തിനു മറുപടിയായാണ് ഇപ്പോള്‍ പലരും പഴയ കൂട്ടുകാരുടെ വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ട് സമൂഹമാദ്ധ്യമങ്ങളിലൂടെ രംഗത്തെത്തിയിരിക്കുന്നത്. ഒന്നാമതായി നടി ഐശ്വര്യ റായിയുടെ പഴയകാല ഫോട്ടോകളും വിശേഷങ്ങളും പങ്കുവച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത് ശിവാനി എന്ന ഐശ്വര്യയുടെ പഴയ സുഹൃത്താണ്.
‘മുംബൈയിലെ ജയ്ഹിന്ദ് കോളജിലാണു ഞങ്ങള്‍ പഠിച്ചത്. ആദ്യം കെസി കോളജില്‍ ചേര്‍ന്നിരുന്ന ഐശ്വര്യ പിന്നീടാണ് ഞങ്ങളുടെ കോളജിലേക്ക് എത്തുന്നത്. ഐശ്വര്യയുടെ സൗന്ദര്യത്തില്‍ മതിമറന്ന് അപ്പോള്‍ മുതലേ നിറയെ ആണ്പിള്ളേര് അവള്‍ക്കു ചുറ്റും ഉണ്ടായിരുന്നു. പലരും ഐശ്വര്യയെ കാത്ത് കോളജ് ഗേറ്റിനു സമീപം നില്ക്കുമായിരുന്നു’. ശിവാനി പറയുന്നു. ‘അവള് അന്നു തന്നെ അതിസുന്ദരിയായിരുന്നു. കോളജിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമൊക്കെ ആഷിന്റെ സൗന്ദര്യത്തിന്റെ ആരാധകരായിരുന്നു’. വലിയൊരു സൗഹൃദ വലയത്തിനും ഉടമയായിരുന്നു ആഷ് എന്നു പറയുന്നു ശിവാനി.
എന്നും ക്ലാസ് തുടങ്ങുന്നതിന്റെ അവസാന നിമിഷം മാത്രം എത്തിയിരുന്ന അവര്‍ ക്ലാസിലെ ലാസ്റ്റ് ബെഞ്ചേഴ്സ് ആയിരുന്നു. പക്ഷേ ഫിസിക്സ് ക്ലാസിന്റെ സമയത്തുമാത്രം ഐശ്വര്യയും സുഹൃത്തുക്കളും ഫസ്റ്റ് ബഞ്ചില്‍ തന്നെ കയറിയിരിക്കും. കാരണം ആ അധ്യാപകന് അല്പം കര്‍ക്കശക്കാരനായിരുന്നു, അതുകൊണ്ടുതന്നെ അവര്‍ക്കു മുന്നില്‍ മതിപ്പു തോന്നിക്കാന്‍ ആഷ് മിടുക്കിയായിരുന്നു. എല്ലാ അധ്യാപകരുടെയും കണ്ണിലുണ്ണിയുമായിരുന്നു ഐശ്വര്യ, പ്രത്യേകിച്ച് ഫിസിക്സ് ടീച്ചറുടെ. അദ്ദേഹമാണ് കോളജ് മാഗസിനു വേണ്ടിയൊക്കെ ഐശ്വര്യയെ പ്രചോദിപ്പിച്ചിരുന്നത്. പഠനത്തിലും മിടുക്കിയായിരുന്ന ആഷ് വളരെ എളിമയുള്ളവളും ആയിരുന്നു. കോളജിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി എന്നായിരുന്നു എല്ലാവരും അവളെ വിളിച്ചിരുന്നത്, വൈകാതെ ലോകത്തിലെ തന്നെ സുന്ദരിയാണെന്ന് അവള് തെളിയിച്ചു കാണിക്കുകയും ചെയ്തുവെന്നു പറയുന്നു ശിവാനി.
മറ്റൊരു സുന്ദരിയുടെ പഴയകാല ഫോട്ടോയും സോഷ്യല്‍മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ചിത്രങ്ങളാണത്. കഴിഞ്ഞുപോയ സുന്ദര നിമിഷങ്ങളെ ഓര്‍ത്തെടുത്താണ് സ്മൃതി സാമൂഹ്യ മാധ്യമങ്ങളില്‍ ചിത്രം പോസ്റ്റു ചെയ്തത്. എന്റെ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരന് അവയൊന്നൊന്നായി ഇതാ പുറത്തുവിടുന്നു. എന്ന അടിക്കുറപ്പോടെയാണ് സ്മൃതി കഴിഞ്ഞദിവസം ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തത്.
ഭര്‍ത്താവ് സുബിന് ഇറാനി പോസ്റ്റ് ചെയ്ത സ്മൃതിയുടെ യൗവ്വനകാലത്തെ ഒരു ചിത്രം. ചിത്രം കണ്ടവര്‍ സ്മൃതിയുടെ യൗവ്വനകാല മുഖം കണ്ട് അതിശയപ്പെട്ടു. സ്മൃതിയുടെ പഴയകാല ചിത്രം നിമിഷങ്ങള്‍ക്കകം തരംഗമായി. കണ്ടവര്‍ കണ്ടവര്‍ പോസ്റ്റ് ചെയ്തും ഷെയര്‍ ചെയ്തും സ്മൃതി തരംഗമായി. എനിക്കിഷ്ടപ്പെട്ടു: പറഞ്ഞത് നിര്‍മ്മാതാവും സുഹൃത്തുമായ ഏക്താ കപൂര്‍. ജനപ്രിയ സീരിയലുകളിലൂടെ വര്‍ഷങ്ങളോളം ജനഹൃദയങ്ങള്‍ കവര്ന്നതിനുശേഷമാണു സ്മൃതി രാഷ്ട്രീയത്തിലേക്കും പിന്നീടു കേന്ദ്രമന്ത്രിപദത്തിലേക്കും എത്തിയത്.