കോഴിക്കോട്: സർക്കാർ ഉദ്യോഗസ്ഥർ സംഘനകളുടെ ഭാരവാഹിത്വം ഏൽക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് എക്സൈസ് വകുപ്പിൽ നടപ്പാക്കി.സർക്കാർ ജീവനക്കാർ സാമുദായിക, മത, ട്രസ്റ്റ്, സൊസൈറ്റികളുടെയോ ഭാരവാഹിത്വ സ്ഥാനങ്ങൾ ഏറ്റെടുക്കാൻ പാടില്ലെന്നുള്ള 1960 ലെ പെരുമാറ്റചട്ടമാണ് 2017 ൽ ഭേദഗതി വരുത്തി എക്സൈസ് വകുപ്പിൽ സർക്കുലർ ഇറങ്ങിയത്.
സാഹചര്യവശാൽ ഉദ്യോഗസ്ഥർ അത്തരത്തിലുള്ള സ്ഥാപനങ്ങളിലോ അനുബന്ധമായതോ ആയ സ്ഥാനങ്ങളിലോ ഉത്തരവാദിത്വം ഏറ്റെടുത്താൽ അത് ഒരു മാസത്തിനകം സർക്കാറിനെ അറിയിക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ആ ചുമതല വഹിക്കുന്നത് പൊതുജന താൽപര്യത്തിന് എതിരാണെന്ന് സർക്കാർ അഭിപ്രായപ്പെട്ടാൽ നിർബന്ധമായും പദവി രാജി വയ്ക്കണം.
സംഘടനകളുടെ ഭാരവാഹിത്വത്തിൽ തന്നെ പണം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിന്നും സർക്കാർ ഉദ്യോഗസ്ഥൻ പൂർണ്ണമായും വിട്ടു നിൽക്കണമെന്നും വിജ്ഞാപനം പറയുന്നു. 2016 ൽ ഉമ്മൻചാണ്ടി സർക്കാർ ഈ ഉത്തരവിന് അയവ് പ്രഖ്യാപിക്കുകയും സർക്കാർ ഉദ്യോഗസ്ഥർക്ക് സാമൂഹിക -മത സംഘനകളിൽ ഭാരവാഹിത്വം ഏറ്റെടുക്കാം എന്ന് ഉത്തരവിറക്കുകയും ചെയ്തിരുന്നു.
ഒരു കൂട്ടം ഉദ്യോഗസ്ഥരുടെയും സാമുദായിക നേതാക്കളുടെയും നിരന്തരമായ ആവശ്യത്തെതുടർന്നാണ് അന്ന് വിലക്ക് നീക്കിയത്. എന്നാൽ മത-സാമുദായിക സംഘടനകളിലെ ഭാരവാഹിത്വം ഉദ്യോഗസ്ഥരുടെ ജോലിയെ മോശമായി ബാധിക്കുന്നതിനാലാണ് നിലവിലെ എക്സൈസ് വകുപ്പ് ഇത്തരമൊരു വിജ്ഞാപനം ഭേദഗതി വരുത്തി പുറത്തിറക്കിയത്. ഉത്തരവ് മറ്റു വകുപ്പുകൾക്കും ബാധകമാണ്.