ബംഗളൂരു: നഗരത്തിലെ സ്കൂളുകളിലെ ശുചിമുറികളിൽ സിസിടിവി കാമറകൾ സ്ഥാപിക്കണമെന്ന പോലീസ് നിർദേശത്തിൽ പ്രതിഷേധവുമായി സ്കൂളുകളും രക്ഷിതാക്കളും. കുട്ടികളുടെ സ്വകാര്യതയെ ബാധിക്കുന്ന കാര്യമായതിനാൽ പോലീസിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് സ്കൂൾ മാനേജ്മെന്റുകളുടെ നിലപാട്. ശുചിമുറികളിൽ സിസിടിവി കാമറകൾ സ്ഥാപിക്കണമെങ്കിൽ ആദ്യം കുട്ടികളുടെ രക്ഷിതാക്കൾക്ക് സർക്കുലർ അയക്കണമെന്നും അവരുടെ അനുവാദത്തോടെ മാത്രമേ ഇത് നടപ്പാക്കാൻ സാധിക്കുകയുള്ളുവെന്നും സ്കൂൾ അധികൃതർ അറിയിച്ചു. രക്ഷിതാക്കളും പോലീസ് നിർദേശത്തോട് കടുത്ത വിയോജിപ്പ് അറിയിച്ചിട്ടുണ്ട്.
അതേസമയം, പ്രതിഷേധം ശക്തമായതോടെ വിശദീകരണവുമായി പോലീസ് തന്നെ രംഗത്തെത്തി. വിദ്യാർഥികളുടെ സുരക്ഷയ്ക്കായാണ് സ്കൂളുകളോട് സിസിടിവി കാമറകൾ സ്ഥാപിക്കാൻ ആവശ്യപ്പെട്ടതെന്നും വാഷ്റൂം അല്ലെങ്കിൽ ടോയ്ലറ്റ് എന്നതുകൊണ്ട് അർഥമാക്കിയത് അങ്ങോട്ടേക്കുള്ള വരാന്തകളെയാണെന്നും ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ശുചിമുറികളിൽ കാമറകൾ സ്ഥാപിക്കണമെന്ന് നിർദേശത്തിൽ പറഞ്ഞിട്ടില്ലെന്നും പുതിയ നോട്ടീസുകൾ സ്കൂളുകൾക്ക് അയയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം നാലുവയസുകാരി സ്വകാര്യ സ്കൂളിലെ ശുചിമുറിയിൽ മാനഭംഗത്തിനിരയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പോലീസ് നഗരത്തിലെ സ്കൂളുകൾക്ക് നോട്ടീസ് അയച്ചത്. സ്കൂളുകൾക്കു മുന്നിലും ക്ലാസ് റൂമുകൾ, ശുചിമുറികൾ, വാഷ് റൂമുകൾ, ഇടനാഴികൾ എന്നിവിടങ്ങളിലും സിസിടിവി കാമറകൾ സ്ഥാപിക്കണമെന്നാണ് പോലീസ് നോട്ടീസിൽ അറിയിച്ചത്.