മലയാള സിനിമയില്‍ ധാരാളം പകല്‍മാന്യന്മാരുണ്ടെന്നും ഇവരെ തിരിച്ചറിയുക പ്രയാസമാണെന്നും സംവിധായക വിധു വിന്‍സെന്റ്. പല പ്രമുഖരുടെയും മൂഖം മൂടി വലിച്ചു കീറുന്ന തരത്തിലുള്ള പരാതികള്‍ ഡബ്ല്യൂസിസിക്കു ലഭിച്ചു എന്നും വിധു പറയുന്നു. പ്രതിഫലം നല്‍കാത്തതു മുതല്‍ രാത്രിയില്‍ കൂടെ കിടക്കാന്‍ വിളിക്കുന്നതു വരെയുള്ള പരാതികള്‍ ലഭിക്കുന്നുണ്ട്. പണ്ട് സിനിമ രംഗത്തു നടന്നതാണു നിങ്ങള്‍ പറയുന്നത്, ഇപ്പോള്‍ അതൊന്നും നടക്കില്ല എന്നു ഇന്നസെന്റ് പറഞ്ഞത് ഇരുട്ടു കൊണ്ട് ഓട്ടയടക്കാന്‍ ശ്രമിക്കുന്നതാണ് എന്ന് ഇപ്പോള്‍ ബോധ്യമാകുകയാണ്.
പരാതികളുമായി മുമ്പോട്ടു വരുന്ന സ്ത്രീകളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണെന്നും വിധു വ്യക്തമാക്കി. മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ കൂടി എന്നോ കുറഞ്ഞു എന്നോ കരുതുന്നില്ല. മുമ്പുണ്ടായിരുന്ന പോലെ ഇപ്പോഴും ഉണ്ട്. സ്ത്രീകള്‍ ഇപ്പോള്‍ കൂടുതല്‍ തുറന്നു പറയാന്‍ തയാറാകുന്നുണ്ട് എന്ന് സിനിമാ രംഗത്ത് ഉള്ളവരും സംഘടനകളും ഓര്‍ക്കുന്നതു നല്ലതാണ്.
ഞങ്ങള്‍ക്കു ലഭിക്കുന്ന പരാതികളില്‍ പലതും വിശ്വസിക്കാന്‍ പോലും പറ്റാത്തതാണ്. റൂമിലേക്കു വരാന്‍ പറയുന്നവരുണ്ട്. പ്രതിഫലം നല്‍കാതെ പറ്റിക്കാന്‍ ശ്രമിക്കുന്നവരും ഉണ്ട്. ഇവരുടെയൊക്കെ പേര് പുറത്തു പറഞ്ഞാല്‍ നിങ്ങള്‍ക്ക് വിശ്വാസം വരികയില്ലെന്നും ഇതൊക്കെ ചെയ്തിട്ടും ഈ പ്രമുഖര്‍ക്ക് എങ്ങനെ പൊതുസമൂഹത്തെ അഭിമുഖികരിക്കാനാകുന്നു എന്നും വിധു വിന്‍സെന്റ് ചോദിക്കുന്നു. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് വിധു ഇക്കാര്യം പറഞ്ഞത്.