തിരുവനന്തപുരം: യേശുദാസിന് ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കണമെന്നാണ് വ്യക്തിപരമായ നിലപാടെന്ന് സുരേഷ് ഗോപി എംപി. ആരുടേയും വക്താവായല്ല നിലപാട്. ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
വിശ്വാസികളായ എല്ലാവർക്കും ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കണമെന്നാണ് സർക്കാർ നിലപാടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്. യേശുദാസിന്റെ ആവശ്യത്തിൽ കൂടിയാലോചനകൾക്ക് ശേഷം തീരുമാനമെടുക്കും. ഇക്കാര്യത്തിൽ ക്ഷേത്രം ട്രസ്റ്റുമായും മറ്റ് ബന്ധപ്പെട്ടവരുമായും ചർച്ച നടത്തുമെന്നും മന്ത്രി സ്വകാര്യ ചാനലിനോട് പറഞ്ഞു.
അതേസമയം, യേശുദാസിന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കുന്ന കാര്യത്തിൽ ജില്ലാ ജഡ്ജി കെ. ഹരിപാലിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ക്ഷേത്ര ഭരണസമിതി യോഗം ഇന്ന് തീരുമാനമെടുക്കും. വിജയദശമി ദിനത്തില്‍ ക്ഷേത്രദര്‍ശനത്തിന് അവസരം നൽകണമെന്നുകാട്ടി യേശുദാസ് കത്ത് നൽകിയിരുന്നു.
അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലാത്ത ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഹിന്ദുമതാചാരങ്ങള്‍ പാലിക്കുന്നവര്‍ക്ക് പ്രവേശനം നല്‍കാറുണ്ട്. താന്‍ ഹിന്ദുമത വിശ്വാസിയാണെന്നും ക്ഷേത്രാചാരാനുഷ്ഠാനങ്ങള്‍ പാലിക്കുന്നുണ്ടെന്നും യേശുദാസ് കത്തിൽ വ്യക്തമാക്കിയിരുന്നു.